ശെല്‍വരാജിന്റെ പാതപിന്തുടര്‍ന്ന് മറ്റൊരു സിപിഎം എംഎല്‍എ കൂടി കോണ്‍ഗ്രസ് പാളയത്തിലേക്ക് എത്തുമോ? എ.എം ആരിഫ് പാര്‍ട്ടി വിടുമെന്ന് അഭ്യൂഹം

single-img
7 February 2015

485916_502870536417067_352531243_nസി.പി.എം ല്‍ പുതിയ കലഹങ്ങള്‍ക്ക് വഴിവെച്ച് എ.എം ആരിഫ് എം.എല്‍.എ പാര്‍ട്ടി വിടുമെന്ന് അഭ്യൂഹം. സി.പി.എം സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴ വേദിയാകാനിരിക്കെയാണ് ആരിഫ് പാര്‍ട്ടി വിടാനുള്ള സാധ്യത നിലനില്‍ക്കുന്നത്. സി.പി.എം സംസ്ഥാന സമിതിയംഗം ജി.സുധാകരനും,എ.എം ആരിഫ് എം.എല്‍.എയും തമ്മിലുള്ള തര്‍ക്കങ്ങളാണ് സി.പി.എമ്മില്‍ പുതിയ കലഹങ്ങള്‍ക്ക് വഴിതെളിച്ചിരിക്കുന്നതെന്നാണ് സൂചന. അതിനിടെ എ.എം ആരിഫിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് എ.എ ഷുക്കൂര്‍ പ്രസ്താവന ഇറക്കിയിട്ടുണ്ട്.

 

ആലപ്പുഴയിലെ ഒരു പറ്റം സിപിഎം നേതാക്കളുമായി എ.എം ആരിഫിന് കടുത്ത അഭിപ്രായവ്യത്യാസമാണുള്ളത്. സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത സംഘാടക സമിതി യോഗത്തില്‍ ആരിഫ് വൈകിയെത്തിയതും,സുധാകരന്‍ ഇതുചോദ്യം ചെയ്യുകയും വാക്കേറ്റം ഉണ്ടാകുകയും ചെയ്തതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും പറയപ്പെടുന്നു. അതിനിടെ സുധാകരനെതിരെയും പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തുണ്ട്. സി.പി.എം സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴ വേദിയാകാനിരിക്കെ എ.എം ആരിഫ് പാര്‍ട്ടി വിട്ടാല്‍ അത് സി.പി.എം ന് കനത്ത തിരിച്ചടിയാകും.

 

അതേസമയം താൻ സി.പി.എം വിടില്ലെന്ന് ആരിഫ് എം.എൽ.എ പറഞ്ഞു.പാർട്ടിക്കുള്ളിൽ ഒരു വിഭാഗീയതയും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി