ആണവകരാര്‍ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു;അമേരിക്കക്ക് മുന്നില്‍ മുട്ടുമടക്കി മോദി സർക്കാർ

single-img
9 February 2015

05modi-obamaദുരന്തമുണ്ടായാല്‍ വിദേശകമ്പനികള്‍ക്കോ വിതരണക്കാര്‍ക്കോ ബാധ്യതയുണ്ടാകില്ലെന്ന്‌ ഇന്ത്യ-അമേരിക്ക ആണവകരാറില്‍ വ്യവസ്‌ഥ.നഷ്ടപരിഹാരം തേടി കോടതിയെ സമീപിക്കാന്‍ ഇരകള്‍ക്ക് അവകാശം ഉണ്ടാവില്ല. ആണവകരാറില്‍ അമേരിക്കന്‍ കമ്പനികളെ സുരക്ഷിതരാക്കുന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ഒപ്പിട്ട കരാർ വിവരങ്ങൾ സർക്കാർ തന്നെയാണു പുറത്ത് വിട്ടത്.

 

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയാണ് മോദി സര്‍ക്കാര്‍ വിവരങ്ങൾ പുറത്തുവിട്ടത്. 2010ലെ ആണവ അപകട ബാധ്യതാ നിയമം. സാധാരണ ഉയരുന്ന ചോദ്യങ്ങള്‍ എന്ന തലക്കെട്ടിലാണ് മന്ത്രാലയം വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്.

 

അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെയാണ് ഇന്ത്യയ്ക്ക വിനാശകരമായ ഈ വ്യവസ്ഥകള്‍ തീരുമാനമായി മാറിയത്. ഒബാമയുടെ സന്ദര്‍ശനത്തിന് മുമ്പായി നടത്തിയ ചര്‍ച്ചകളിലാണ് അമേരിക്കയുടെ ഈ ആവശ്യങ്ങള്‍ ഇന്ത്യന്‍ ഭരണകൂടം നിരുപാധികം അംഗീകരിച്ചത്. യു.പി.എ സര്‍ക്കാര്‍ ആണവ കരാര്‍ നടപ്പാക്കുമ്പോള്‍ ഏറ്റവുമധികം എതിര്‍പ്പ് നേരിടേണ്ടി വന്നിരുന്നത് ഉത്തരവാദിത്തം ആര്‍ക്കായിരിക്കും എന്ന കാര്യത്തിലായിരുന്നു. എതിര്‍കളെ തുടര്‍ന്ന് യു.പി.എ സര്‍ക്കാര്‍ മാറ്റിവെച്ച ഈ കാര്യമാണ്, അമേരിക്കന്‍ സമ്മര്‍ദ്ദത്തിനു വഴങ്ങി നരേന്ദ്രമോദി സര്‍ക്കാര്‍ അംഗീകരിച്ചത്.

 

ഭോപ്പാല്‍ ദുരന്തത്തില്‍ അമേരിക്കന്‍ കമ്പനിക്കെതിരെ കേസെടുത്തതുപോലെ ഇനി ഒരു ആണവ ദുരന്തം ഉണ്ടായാല്‍ കേസെടുക്കാന്‍ പോലും ഇന്ത്യക്ക് കഴിയില്ല.

 

ആണവനിലയ പരിശോധനയുടെ കാര്യത്തില്‍ ഇന്ത്യന്‍ നിലപാട് അമേരിക്ക അംഗീകരിച്ചതായും മന്ത്രാലലയം പുറത്തുവിട്ട രേഖയിലുണ്ട്. ആണവ നിലയങ്ങളും ഉപകരണങ്ങളും വിതരണം ചെയ്യുന്ന അമേരിക്കന്‍ കമ്പനികള്‍ക്ക് പരിശോധനാധികാരം നല്‍കില്ലെന്നതാണ് ഇക്കാര്യം. അന്താരാഷ്ട്ര ആണവോര്‍ജ എജന്‍സിയുടെ സുരക്ഷാമാനദണ്ഡങ്ങളാണ് പിന്തുടരുകയെന്ന ഇന്ത്യന്‍ വാദം അമേരിക്കന്‍ കമ്പനികള്‍ അംഗീകരിച്ചതായും രേഖയിലുണ്ട്.