പള്ളികൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നാലെ ഡൽഹിയിൽ ക്രിസ്ത്യൻ സ്കൂളിന് നേരെയും ആക്രമണം

single-img
13 February 2015

school-vandalised_650x400_51423803195തെക്കൻ ഡൽഹിയിലെ വസന്ത് വിഹാറിലുള്ള കോൺവന്റ് സ്കൂളിന് നേരെ അജ്ഞാതരുടെ ആക്രമണം.നിയുക്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി.ഹോളി ചൈൽഡ് ഓക്സിലം എന്ന സ്കൂളാണ് വ്യാഴാഴ്ച രാത്രിയിൽ ആക്രമിക്കപ്പെട്ടത്. സംഭവത്തെ തുടർന്ന് വെള്ളിയാഴ്ച സ്കൂളിന് അവധി നൽകി.

 

സ്കൂൾ പരിസരത്ത് കയറിയ രണ്ട് പേർ ആദ്യം സി.സി.ടി.വി നശിപ്പിച്ച ശേഷം പ്രിൻസിപ്പലിന്റെ ഓഫീസിൽ മുറിയിൽ കയറി കവർച്ച നടത്തുകയായിരുന്നു. മുറിയിലെ ജനാലചില്ലുകൾ അക്രമികൾ തകർത്തു. എണ്ണായിരം രൂപയോളം മോഷണം പോയിട്ടുണ്ട്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വിവരം പൊലീസിൽ അറിയിച്ചിട്ടുണ്ടെന്നും കുട്ടികൾക്കിടയിൽ ആശങ്കയുണ്ടാകാതിരിക്കാൻ വെള്ളിയാഴ്ച സ്കൂളിന് അവധി നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

 

ഡൽഹിയിൽ ക്രിസ്ത്യൻ പള്ളികൾക്ക് നേരെ തുടർച്ചയായ ആക്രമണങ്ങൾ ഉണ്ടായതും ആക്രമണത്തിൽ പ്രധാനമന്ത്രിയുടെ മൌനവും ലോക മാധ്യമങ്ങളിൽ വരെ ചർച്ച ആയിരുന്നു.പള്ളികൾക്ക് നേരെ ആക്രമണം നടത്തിയ ശക്തികൾ തന്നെയാകും സ്കൂളിനു നേരെയും ആക്രമണം നടത്തിയത് എന്നാണു കരുതുന്നത്.കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ സ്മൃതി ഇറാനി ഇന്ന് സ്കൂൾ സന്ദർശിക്കും.