ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് 267. 272 കിലോഗ്രാം സ്വര്‍ണം നഷ്ടപ്പെട്ടമായി

single-img
14 February 2015

sree_padmanabhaswamy_templeന്യൂഡല്‍ഹി: തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് 267. 272 കിലോഗ്രാം സ്വര്‍ണം നഷ്ടപ്പെട്ടതായി മുന്‍ സിഎജി വിനോദ് റായി സുപ്രീം കോടതിയില്‍ ബോധിപ്പിച്ചു. ഏതാനും ദിവസം മുമ്പ് അമിക്കസ്ക്യൂറി മുഖേന റായി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ വെള്ളിയാഴ്ചയാണ് പുറത്തുവന്നത്. ക്ഷേത്രത്തിന്‍െറ ആവശ്യങ്ങള്‍ക്കായി നിലവറകളില്‍ 893.644 കിലോഗ്രാം സ്വര്‍ണമാണ് ശ്രീകോവിലും കല്‍മണ്ഡപവും പൂശുന്നതിനും മറ്റുമായി പുറത്തെടുത്തത് ഇതിന്‍െറ 30 ശതമാനവും നഷ്ടപ്പെട്ടതായി പരിശോധനയില്‍ വ്യക്തമായെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തി.

നേരത്തെ അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം ഉന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണമായും ശരിവെക്കുന്നതാണ് വിനോദ് റായിയുടെ കണ്ടത്തെലുകള്‍. ക്ഷേത്രത്തില്‍ നിന്ന് എടുത്ത 893.644 കിലോ സ്വര്‍ണത്തില്‍ 627 കിലോ ശുദ്ധ സ്വര്‍ണമേയുണ്ടായിരുന്നുള്ളുവെന്നാണ് കരാരുകാരന്‍ പറഞ്ഞത്. ഈ വാദം അതേപടി വിശ്വാസത്തിലെടുക്കുകയായിരുന്നുവെന്നാണ് ക്ഷേത്ര ഭരണസമിതി പറഞ്ഞതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഉരുക്കാനെടുത്ത നിലവറകളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണത്തിലാണ് ക്രമക്കേട് നടന്നതും.

നാലു വര്‍ഷം മുന്‍പ് വിവിധ ആവശ്യങ്ങള്‍ക്ക് സ്വര്‍ണം പൂശുന്നതിനായി 24 കാരറ്റിന്‍റെ 14.629 കിലോ ഗ്രാം സ്വര്‍ണം നല്‍കിയെങ്കിലും ഇതേക്കുറിച്ച് ഒരു വിവരവുമില്ല. ഇതിന് നാലു കോടി വിലമതിക്കും. 82 തവണ നിലവറ തുറന്ന് സ്വര്‍ണമെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

2002 ഡിസംബര്‍ 12ന് 82 സ്വര്‍ണക്കട്ടികള്‍ പുറത്തെടുത്തെങ്കിലും 72 എണ്ണം മാത്രമാണ് തിരിച്ചുവെച്ചത്. ഓരോ കട്ടിക്കും 0.760 കിലോഗ്രാമം തൂക്കമുണ്ടായിരുന്നു. ഇതുവഴി 3.04 കിലോ സ്വര്‍ണം വേറെയും നഷ്ടപ്പെട്ടു. 513.76 കിലോ സ്വര്‍ണം ഉരുക്കിയപ്പോള്‍ 370.45 കിലോ ശുദ്ധ സ്വര്‍ണം മാത്രമാണ് ലഭിച്ചത്. ഇതിലൂടെ 143.06 കിലോ നഷ്ടപ്പെട്ടു. കല്ലറയില്‍ നിന്ന് എടുത്ത 109 ശരപൊളി മാലകളില്‍ 19 വര്‍ഷത്തിന് ശേഷം നിലവറകളിലേക്ക് എത്തിയത് 104 എണ്ണം മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ മാസം മൂന്നിന് കേസ് പരിഗണിച്ചപ്പോഴാണ് അമിക്കസ്ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം, വിനോദ് റായിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിന്മേല്‍ നിലപാട് അറിയിക്കാന്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് നാലാഴ്ച സമയം കോടതി അനുവദിച്ചിരുന്നു. കേസ് ഏപ്രില്‍ ആറിന് വീണ്ടും പരിഗണിക്കും.