ചൊവ്വായാത്രികരുടെ നൂറുപേരുടെ പട്ടികയില്‍ പാലക്കാട്ടുകാരി ശ്രദ്ധ പ്രസാദും

single-img
17 February 2015

SHradhaപാലക്കാട് സ്വദേശി ശ്രദ്ധ പ്രസാദ് എന്ന പത്തൊമ്പതുകാരിയുള്‍പ്പെടെ ഇന്ത്യക്കാരായ മൂന്നു പേര്‍ 2024-ല്‍ നടത്തുന്ന ചൊവ്വാ യാത്രയുടെ 100 പേരുടെ പട്ടികയില്‍ ഉള്‍പ്പെട്ടു. ഹോളണ്ടിലെ ഒരു സംഘടനയാണ് മാര്‍സ് വണ്‍ എന്നു പേരിട്ടിട്ടുള്ള പദ്ധതിയുടെ ഭാഗമായി നാലു പേരെ ചൊവ്വയിലേക്ക് അയക്കുന്നതിന്റെ മൂന്നാം ഘട്ടത്തില്‍ നടത്തിയ 100 പേരുടെ ചുരുക്ക പട്ടികയിലാണ് ശ്രദ്ധ ഇപ്പോള്‍ എത്തിയിരിക്കുന്നത്.

ശ്രദ്ധയെ കൂടാതെ ഇന്ത്യക്കാരായ തരന്‍ജീത്ത് സിങ് ഭാട്ടിയ, റിതിക സിങ് എന്നിവരുമുണ്ട്. പാലക്കാട് സ്വദേശിയായ ശ്രദ്ധ കോയമ്പത്തൂര്‍ അമൃത വിശ്വവിദ്യാപീഠത്തില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് വിദ്യാര്‍ഥിയാണ്. 660 പേരുടെ രണ്ടാം പട്ടികയില്‍ മൂന്നു മലയാളികള്‍ ഉള്‍പ്പെടെ 44 ഇന്ത്യക്കാര്‍ ഉണ്ടായിരുന്നു. എന്നാല്‍ മൂന്നാം ഘട്ട പട്ടികയില്‍ ഇത് മൂന്നായി ചുരുങ്ങുകയായിരുന്നു.

യാത്രയ്ക്കായി 202,586 അപേക്ഷകള്‍ ലഭിച്ചതില്‍ ഇപ്പോള്‍ 50 പുരുഷന്‍മാരും 50 സ്ത്രീകളുമാണ് പട്ടികയിലുള്ളത്. യുഎസ് 39 , യൂറോപ്പ് 31, ഏഷ്യ 16, ആഫ്രിക്ക 7 , ഓഷ്യാന 7 എന്നിങ്ങനെയാണ് പ്രതിനിധികളുടെ എണ്ണം. ആദ്യ ഘട്ടത്തില്‍ നാലു പേരെചൊവ്വയില്‍ എത്തിക്കുന്ന പദ്ധതിയില്‍ പിന്നീട് ചൊവ്വയില്‍ മനുഷ്യരുടെ കോളനി നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തില്‍ 40 പേരെ കൂടി അയക്കും.യാത്രയുടെ അവസാന റൗണ്ടില്‍ എത്തുന്നവര്‍ക്ക് ഏഴു വര്‍ഷം നീളുന്ന പരിശീലനമാണ് നല്‍കുന്നത്.