യാത്രക്കാർ സര്‍വ്വീസുകളെക്കുറിച്ച് ചോദിച്ചാല്‍ ഉത്തരംമുട്ടും, സ്വന്തം ബസുകളുടെ സമയക്രമം പോലും അറിയാത്ത കെ.എസ്.ആര്‍.ടി.സി

single-img
6 March 2015

ksrtcഎന്തിനാ ഇങ്ങനെയൊരു ബസ് സര്‍വ്വീസ് ‘ . കെ.എസ്.ആര്‍.ടി.സി യെ ചൂണ്ടിക്കാട്ടി പൊതുജനം ഇത്തരത്തിലൊരു ചോദ്യം ചോദിച്ചാല്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല. എല്ലാ കാര്യത്തിലും താളപ്പിഴകള്‍ മാത്രം കാണാറുള്ള കെ.എസ്.ആര്‍.ടി.സി യിലെ കെടുകാര്യസ്ഥത തുറന്നുകാട്ടുന്ന സംഭവമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സാമ്പത്തികമായി തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുന്ന കെ.എസ്.ആര്‍.ടി.സിക്ക് സ്വന്തം ബസ്സുകളുടെ സമയവിവരങ്ങള്‍പോലും അറിയില്ലെന്ന വസ്തുതയാണ് ഇപ്പോള്‍ പുറത്തായത്.

ആനവണ്ടി ഡോഡ് കോം എന്ന ബ്ലോഗ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പത്തനംതിട്ട സ്വദേശി സുജിത് ഭക്തന്‍ നല്‍കിയ അപേക്ഷയിലാണ് കെ.എസ്.ആര്‍.ടി.സിയുടെ വിചിത്രമായ മറുപടി. പ്രധാനസര്‍വ്വീസുകളുടെ ഉള്‍പ്പെടെ സമയക്രമം വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് സുജിത് കെ.എസ്.ആര്‍.ടി.സിക്ക് അപേക്ഷ നല്‍കിയത്. സര്‍വ്വീസുകളുടെ ടൈം ഷെഡ്യൂള്‍ ക്രോഡീകരിച്ച് ഓഫീസില്‍ സൂക്ഷിച്ചിട്ടില്ല എന്നായിരുന്നു കെ.എസ്.ആര്‍.ടി അപേക്ഷയില്‍ മറുപടി നല്‍കിയത്. തിരുവനന്തപുരത്തുള്ള ചീഫ് ഓഫീസില്‍ നിന്ന് ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ക്ക് വേണ്ടി ചീഫ് ട്രാഫിക് ഓഫീസര്‍ ഇന്‍ ചാര്‍ജ് ഓഫ് ഓപ്പറേഷന്‍സാണ് അപേക്ഷയില്‍ മറുപടി നല്‍കിയത്. അപേക്ഷ ആദ്യം സി.എം.ഡിക്കും ചീഫ് ഓഫീസിലെ മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും നേരിട്ട് നല്‍കിയെങ്കിലും അതിലൊന്നും മറുപടി നല്‍കാന്‍ കെ.എസ്.ആര്‍.ടി ആദ്യം തയ്യാറായിരുന്നില്ല. ഇതിനെതുടര്‍ന്ന് സര്‍വ്വീസുകളുടെ സമയക്രമം ലഭിക്കാന്‍ സുജിത്ത് മുഖ്യമന്ത്രിയുടെ കോള്‍ സെന്റര്‍ മുഖാന്തരം വീണ്ടും അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു.

കെ.എസ്.ആര്‍.ടി.സിയുടെ എല്ലാ ഡിപ്പോകളിലും സര്‍വ്വീസുകളുടെ സമയവിവരങ്ങള്‍ സൂക്ഷിക്കണം എന്നാണ് ചട്ടം. മാത്രമല്ല 5 സോണല്‍ ഓഫീസുകളിലും ചീഫ് ഓഫീസിലെ ടൈം ടേബിള്‍ സെക്ഷനിലും വിവരങ്ങള്‍ ലഭ്യമാകേണ്ടതാണ്. കംപ്യൂട്ടര്‍വത്ക്കരണവും മറ്റും നടപ്പാക്കിയ സാഹചര്യത്തില്‍ സര്‍വ്വീസ് സമയവിവരങ്ങളും മറ്റും സുക്ഷിക്കാത്തത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്നും ചൂണ്ടികാണിക്കപ്പെടുന്നു. ksrtc