സി.പി.എമ്മിന്റെ സഹകരണ ആശുപത്രിയില്‍ നേഴ്‌സുമാര്‍ സമരത്തില്‍

single-img
7 March 2015

04TH_NURSES_1102729fസി.പി.എം. നിയന്ത്രണത്തിലുള്ള കണ്ണൂര്‍ ഏ കെ ജി ആശുപത്രിയിലെ നേഴ്‌സുമാര്‍ സമരത്തില്‍. നഴ്‌സുമാരുടെ തൊഴില്‍പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച വ്യവസ്ഥകള്‍ അട്ടിമറിച്ചുവെന്നാരോപിച്ചാണ് സമരം. 160 നഴ്‌സുമാരാണ് സമരം ചെയ്യുന്നത്. ജോലിമുടക്കാതെ ശമ്പളം ബഹിഷ്‌കരിച്ചാണ് സമരം.

സ്വകാര്യ ആസ്പത്രികളില്‍ നടപ്പാക്കിയ വേതനവ്യവസ്ഥയോ മൂന്ന് ഷിഫ്റ്റ് സമ്പ്രദായമോ എ.കെ.ജി. ആസ്പത്രിയില്‍ നടപ്പാക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. സഹകരണ ആസ്പത്രിയിലെ ജീവനക്കാരുടെ സേവനവ്യവസ്ഥ പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ 2004ല്‍ ഇ.നാരായണന്‍ കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2009 ജൂലായില്‍ ജീവനക്കാരുടെ വേതനം പരിഷ്‌കരിച്ച് സഹകരണവകുപ്പ് ഉത്തരവിറക്കി. എന്നാല്‍, ഇതനുസരിച്ചുള്ള ശമ്പളം എ.കെ.ജി. ആശുപത്രിയില്‍ നഴ്‌സുമാര്‍ക്ക് നല്കുന്നില്ലെന്നാണ് പരാതി.എ.കെ.ജി.യില്‍ മൂന്നാംക്ലാസ് ആസ്പത്രികള്‍ നല്കുന്ന നിരക്കിലാണ് ശമ്പളം നല്കുന്നതെന്ന് നഴ്‌സുമാര്‍ ആരോപിക്കുന്നു. ശമ്പളം വാങ്ങി സമരത്തില്‍നിന്ന് പിന്മാറിയാല്‍ മാത്രമേ ചര്‍ച്ചയ്ക്കുപോലും തയ്യാറുള്ളൂവെന്നാണ് ആസ്പത്രി അധികൃതര്‍ അറിയിച്ചതെന്നും ഇവര്‍ പറഞ്ഞു.

അതേസമയം ആശുപത്രി ജീവനക്കാരുടെ പ്രധാന യൂണിയനായ സി.ഐ.ടി.യു. സമരത്തെ പിന്തുണയ്ക്കുന്നില്ല. ആശുപത്രിയില്‍ ആരും സമരം നടത്തുന്നില്ലെന്ന് പി.ആര്‍.ഒ. അശോകന്‍ പറഞ്ഞു. എല്ലാ നഴ്‌സുമാരും ഇതുവരെയുള്ള ശമ്പളം കൈപ്പറ്റിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.