ഇന്ത്യക്ക് തുടർച്ചയായ അഞ്ചാം വിജയം; അയര്‍ലന്‍ഡിനെതിരെ ഇന്ത്യക്ക് 8 വിക്കറ്റ് ജയം

single-img
10 March 2015

rohitഹാമില്‍ട്ടണ്‍: ലോകകപ്പ് ക്രിക്കറ്റിൽ അയര്‍ലന്‍ഡിനെതിരെ ഇന്ത്യക്ക് 8 വിക്കറ്റിന്റെ ആധികാരിക ജയം. ആദ്യ ബാറ്റ് ചെയ്ത അയര്‍ലന്‍ഡിന്റെ 260 റൺസ് എന്ന ലക്ഷ്യം ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ നേടുകയുണ്ടായി. രണ്ടാം ഇന്നിംഗ്സ് പതുക്കെ തുടങ്ങിയ ഇന്ത്യ പിന്നീട് കത്തിക്കയറുകയായിരുന്നു. ധവാന് സെഞ്ച്വറി നേടി പുറത്തായി. രോഹിത് ശർമ്മ 64 റൺസ് നേടിയിരുന്നു. ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് ഇരുവരും ചേർന്ന് 174 റൺസ് കൂട്ടിച്ചേർത്തു.

2 ന് 190 എന്ന നിലയിൽ ഒത്തു ചേർന്ന കൊഹ്ലിയും(44) രഹാനെയും(33) ഇന്ത്യയെ വിജയം വരെ എത്തിച്ചു. അയര്‍ലന്‍ഡ് പന്തേറുകാരെ കണക്കിന് ശിക്ഷിച്ച ഇന്ത്യൻ ലോകകപ്പിൽ തങ്ങളുടെ തുടർച്ചയായ് അഞ്ചാം വിജയം കൈവരിച്ചു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അയര്‍ലന്‍ഡ്, ക്യാപ്റ്റന്‍ പോര്‍ട്ടര്‍ഫീല്‍ഡിന്റെയും നീല്‍ ഒബ്രീന്റെയും അര്‍ധസെഞ്ച്വറികളുടെ കരുത്തില്‍ ശക്തമായ നിലയിലായിരുന്നു. തുടർന്ന് ആഞ്ഞടിച്ച ഇന്ത്യ ബൗളിംഗ് നിര അയര്‍ലന്‍ഡിനെ വരിഞ്ഞു മുക്കുകയായിരുന്നു. 37 ഓവര്‍ പിന്നിടുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 204 എന്ന നിലയിലായിരുന്ന അയര്‍ലന്‍ഡ് പോരാട്ട വീര്യത്തെ ഇന്ത്യൻ ബൗളർമാർ എറിഞ്ഞ് കെടുത്തുകയായിരുന്നു. അടുത്ത 54 റൺസിനിടെ ഐറിഷ്പടയുടെ 7 വിക്കറ്റും ഇന്ത്യ വീഴ്ത്തി. മൂന്ന് വിക്കറ്റ് നേടിയ ഷമിയാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. അശ്വിൻ രണ്ടും മോഹിത്, യാദവ്, റൈന, ജഡേജ എന്നിവർ ഒരോ വിക്കറ്റും നേടി.

പോര്‍ട്ടര്‍ഫീല്‍ഡും പോള്‍ സ്റ്റിര്‍ലിങ്ങും ചേര്‍ന്ന് മികച്ച തുടക്കമാണ് അയര്‍ലന്‍ഡിന് സമ്മാനിച്ചത്. 15 ഓവറില്‍ 89 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. റണ്ണൊഴുകുന്ന പിച്ചില്‍ ഫാസ്റ്റ് ബൗളര്‍മാരെ അനായാസം കളിച്ച ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചത് അശ്വിനാണ്. സ്റ്റിര്‍ലിങ്ങിനെ (41 പന്തില്‍ 42) അശ്വിന്‍ ഉമേഷ് യാദവിന്റെ കയ്യിലെത്തിച്ചതിന് പിന്നാലെ എഡ് ജോയ്‌സിനെ (2) ക്ലീന്‍ ബൗള്‍ഡാക്കി.

സ്പിന്നര്‍മാര്‍ എത്തിയതോടെ പ്രതിരോധത്തിലായ അയര്‍ലന്‍ഡിനെ പോര്‍ട്ടര്‍ഫീല്‍ഡും നീല്‍ ഒബ്രീനും ചേര്‍ന്ന് മുന്നോട്ട് നയിച്ചു. 67 റണ്‍സെടുത്ത പോര്‍ട്ടര്‍ഫീല്‍ഡിനെ പുറത്താക്കി മൂന്നാം വിക്കറ്റില്‍ അര്‍ധസെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഈ സഖ്യത്തെ പിരിച്ചത് മോഹിത് ശര്‍മയാണ്. പിന്നീട് അനായാസം കളിച്ച ബാല്‍ബിര്‍നിയും (24) നീല്‍ ഒബ്രീനും ചേര്‍ന്ന് സ്‌കോര്‍ 200 കടത്തി. ഈ കൂട്ടുകെട്ടു പൊളിച്ചത് അശ്വിനാണ്. ഒരു റൺ എടുത്ത അടിവീരൻ കെവിൻ ഒബ്രയാനെ ഷമി പറഞ്ഞയച്ചതോടെയാണ് ഐറിഷ് പതനം തുടങ്ങിയത്.