മാണിയെ പൂട്ടാന്‍ പിള്ളയും, സെക്രട്ടറിയേറ്റ് വളയല്‍ സമരത്തില്‍ പങ്കെടുക്കും

single-img
12 March 2015

06-balakrishna-pillai: നാളെ എല്‍.ഡി.എഫ് പ്രഖ്യാപിച്ചിട്ടുള്ള സെക്രട്ടറിയേറ്റ് വളയല്‍ സമരത്തില്‍ കേരളാ കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയും പങ്കെടുക്കും. സമരത്തില്‍ പങ്കെടുക്കാന്‍ ഇന്നലെ ചേര്‍ന്ന കേരള കോണ്‍ഗ്രസ്(ബി)യുടെ സംസ്ഥാന സമിതി തീരുമാനിച്ചു. ഇന്ന് നടക്കുന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതിന് തുടര്‍ച്ചയായിട്ടാണ് സമരത്തിലും പങ്കെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. എങ്കിലും എല്‍.ഡി.എഫിന്റെ ക്ഷണം പ്രതീക്ഷിക്കുന്നുണ്ട്.

കഴിഞ്ഞ സെപ്തംബര്‍ മുതല്‍ യു.ഡി.എഫുമായി നിസഹകരണം പുലര്‍ത്തിയിരുന്ന പാര്‍ട്ടി ഇന്നലെയാണ് ഔദ്യോഗികമായി മുന്നണി വിട്ടത്. രാഷ്ട്രീയത്തില്‍ ബന്ധശത്രുക്കളോ മിത്രങ്ങളോ ഇല്ല. അതിനാല്‍ തുടര്‍ന്ന് എല്‍.ഡി.എഫില്‍ പ്രവര്‍ത്തിക്കുന്നതിനും ബുദ്ധിമുട്ടുകളൊന്നും ഇല്ലെന്നും ആര്‍ ബാലകൃഷ്ണപിള്ള ചൂണ്ടിക്കാട്ടുന്നു. 32 വര്‍ഷത്തെ യു.ഡി.എഫ് ബന്ധമാണ് കേരള കോണ്‍ഗ്രസ് (ബി) ഇന്നലെ ഉപേക്ഷിച്ചത്. നിയമസഭയ്ക്കുള്ളില്‍ പ്രതിപക്ഷ അംഗങ്ങള്‍ സ്വീകരിക്കുന്ന പ്രതിക്ഷേധത്തില്‍ കെ.ബി ഗണേശ് കുമാര്‍ എം.എല്‍.എ പങ്കെടുക്കാനാണ് പാര്‍ട്ടി നിര്‍ദേശിച്ചിരിക്കുന്നത്.

അതേസമയം സമരത്തില്‍ പങ്കെടുക്കാന്‍ ആരെത്തിയാലും പൂര്‍ണ്ണമനസോടെ സ്വാഗതം ചെയ്യുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വ്യക്തമാക്കി.