നിയമസഭക്കുള്ളിൽ സംഘർഷം

single-img
13 March 2015

paker-chairതിരുവനന്തപുരം: നിയമസഭയില്‍ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതു തടയുന്നതിനായി പ്രതിപക്ഷം  സംഘർഷം. രാവിലെ തന്നെ നിയമസഭയില്‍ എത്തിയ പ്രതിപക്ഷം നടുത്തളത്തിലും സ്പീക്കറുടെ ഡയസിലും സ്ഥാനമുറപ്പിച്ചിരുന്നു. മാണിക്കെതിരെ മുദ്രാവാക്യം വിളികളുമായി സഭയില്‍ തുടരുന്നതിനിടെയാണ് സ്പീക്കര്‍ നിയമസഭയിലേക്ക് കടന്നുവന്നത്. ഇതോടെ കൂടുതല്‍ അക്രമാസക്തമായ പ്രതിപക്ഷം സ്പീക്കറുടെ കസേര ഡയസില്‍ നിന്ന് താഴേയ്ക്ക് മറിച്ചിട്ടു.

സ്പീക്കറെ ഡയസിലേയ്ക്ക് കടത്തിവിടാനും പ്രതിപക്ഷം തയാറായില്ല. പിന്നീട് ആംഗ്യത്തിലൂടെയാണ് സ്പീക്കര്‍ ധനമന്ത്രിക്ക് ബജറ്റ് അവതരിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്. കേരള നിയമസഭ ഇതുവരെ കാണാത്ത പ്രതിഷേധമാണ് സഭയില്‍ ഇന്നുണ്ടായത്.

ബജറ്റിന് മന്ത്രിസഭ നേരത്തെ അംഗീകാരം നല്‍കിയിരുന്നു. നിയമസഭയില്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ ചേര്‍ന്ന യോഗത്തിലാണ് ബജറ്റിന് അംഗീകാരം നല്‍കിയത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ചീഫ് വിപ്പ് പി.സി.ജോര്‍ജും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രാവിലെ തന്നെ നിയമസഭയിലെത്തി.

ഇതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെ.ശിവന്‍കുട്ടി എംഎല്‍എയെ ആശുപത്രിയിലേക്കു മാറ്റി. സഭാതലത്തിലെ ഉന്തിലും തളളിലും കെ.എസ്.സലീഖ, ടി.വി.രാജേഷ്, അജിത്, സി.ദിവാകരന്‍, ജമീല പ്രകാശം,കെ.കെ.ലതിക, ശിവദാസന്‍ നായര്‍ തുടങ്ങിയ എംഎല്‍എമാര്‍ക്കും പരുക്ക്.