ജീവനക്കാരുടെ പണിമുടക്ക്; ഇന്ന് ബിവറേജസ് ഔട്ട് ലെറ്റുകൾ തുറക്കില്ല

single-img
17 March 2015

Beverageതിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ഫെഡിന്റെയും ജീവനക്കാര്‍ ചൊവ്വാഴ്ച പണിമുടക്കും. സമരത്തെ തുടർന്ന് ബിവറേജസ് ഔട്ട് ലെറ്റുകളും 40 കണ്‍സ്യൂമര്‍ഫെഡ് ഔട്ട് ലെറ്റുകളും തുറക്കാനിടയില്ല.

വെയര്‍ഹൗസുകളിലെ ലേബലിങ് തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ലേബലിങ് തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, പുതിയ മദ്യനയത്തിന്റെ ഭാഗമായി സര്‍ക്കാര്‍ അടച്ചിട്ട 52 മദ്യവില്പനശാലകള്‍ തുറക്കുക തുറന്നിരിക്കുന്നവ ഘട്ടംഘട്ടമായി പൂട്ടാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

മന്ത്രി കെ.ബാബുവുമായി ജീവനക്കാരുടെ പ്രതിനിധികള്‍ തിങ്കളാഴ്ച ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. ഷോപ്പുകളുടെ എണ്ണം കുറയ്ക്കുന്നത് ഒഴിവാക്കണമെന്ന ജീവനക്കാരുടെ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മദ്യനയത്തിന്റെ ഭാഗമായ തീരുമാനമായതിനാല്‍ ഇക്കാര്യത്തില്‍ തനിക്ക് നേരിട്ട് തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് മന്ത്രി കെ.ബാബു അറിയിച്ചു.