അരുവിക്കര അതല്ലെങ്കില്‍ ഡെപ്യൂട്ടി സ്പീക്കര്‍, നിലപാട് കര്‍ക്കശമാക്കാന്‍ ആര്‍.എസ്.പി

single-img
17 March 2015

RSP_CM_MEETING_jpg_1782564fജി കാര്‍ത്തികേയന്റെ മരണത്തോടെ അരുവിക്കരയില്‍ ഒഴിവ് വന്ന നിയമസഭാ സീറ്റിന്റെ കാര്യത്തില്‍ നിലപാട് കടുപ്പിച്ച് ആര്‍.എസ്.പി . ഒന്നുങ്കില്‍ അരുവിക്കര അതല്ലെങ്കില്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം എന്ന നിലപാടിലാണ് ആര്‍.എസ്.പി.

 

നിലവില്‍ അവകാശവാദങ്ങളൊന്നും ഉന്നയിക്കുന്നില്ലെങ്കിലും സംസ്ഥാനകമ്മറ്റിക്ക് ശേഷം പാര്‍ട്ടിയുടെ അഭിപ്രായം എന്തെന്ന് യു.ഡി.എഫിന് കത്ത് നല്‍കുമെന്നും എം.എ അസീസ് പറഞ്ഞു. നേരത്തെ വി.പി രാമകൃഷ്ണനടക്കമുള്ളവര്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

 

എല്‍.ഡി.എഫി ല്‍ ആയിരുന്നപ്പോള്‍ ജില്ലയില്‍ ആര്‍.എസ്.പി മത്സരിക്കുന്ന ഏക സീറ്റ് അരുവിക്കരയായിരുന്നു. ആര്‍.എസ്.പിയ്ക്ക് സ്വാധീനമുള്ള മണ്ഡലമാണ് അരുവിക്കര. ഇതു ഒരു കാരണവശാലും വിട്ടുകൊടുക്കാന്‍ പറ്റില്ലെന്ന നിലപാടിലാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം. ഇക്കാര്യം ഔദ്യോഗികമായി അരുവിക്കര മണ്ഡലം സെക്രട്ടറി ജില്ലാ നേതൃത്വത്തേയും അറിയിക്കുകയും ചെയ്തു.

 

നിലവില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണ് അരുവിക്കര. കാര്‍ത്തികേയന്‍ നാലു തവണ വിജയിച്ച മണ്ഡലം കോണ്‍ഗ്രസ് വിട്ടുകൊടുക്കില്ലെന്ന ഉറപ്പായതോടെയാണ് സീറ്റ് വേണമെന്ന അവകാശവാദവുമായി ആര്‍.എസ്.പി രംഗത്ത് എത്തിയിരിക്കുന്നത്. സീറ്റു വിട്ടുകൊടുത്താല്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്കു ഉണ്ടാകുമെന്നും ഇതിനു തങ്ങള്‍ ഉത്തരവാദിയായിരിക്കില്ലെന്നും മണ്ഡലം കമ്മറ്റി അറിയിച്ചുകഴിഞ്ഞു. അരുവിക്കര സീറ്റ് കിട്ടിയില്ലെങ്കില്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം തങ്ങള്‍ക്ക് വേണമെന്നാണ് ആര്‍.എസ്.പി യുടെ നിലപാട്. ഇപ്പോള്‍ തന്നെ ആര്‍.എസ്.പിയ്ക്ക് യു.ഡി.എഫില്‍ നിന്ന് അര്‍ഹിച്ച പരിഗണന ലഭിക്കുന്നില്ലെന്നും സീറ്റ് നിഷേധിക്കുക കൂടി ചെയ്താല്‍ മുന്നണി ബന്ധം അവസാനിപ്പിക്കണമെന്ന കടുത്ത നിലപാടിലാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍.