സംഗീത സംവിധായകൻ ബോംബെ എസ്. കമാൽ അന്തരിച്ചു

single-img
17 March 2015

Bombay_s_Kamal_DSC_0419സംഗീത സംവിധായകൻ ബോംബെ എസ്. കമാൽ അന്തരിച്ചു. 83 വയസായിരുന്നു. തിങ്കളാഴ്ച രാത്രി 9.45ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കടുത്ത ശ്വാസതടസത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. നാല് ദിവസമായി ഐ.സിയുവിലായിരുന്നു.

പൂജപ്പുര മുടവന്‍മുകളിലെ അല്‍അറഫ വീട്ടിലാണ് താമസിച്ചിരുന്നത്. 13 മലയാള ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. അറുപത് വര്‍ഷമായി സംഗീതരംഗത്തുള്ള ബോംബെ എസ്. കമാല്‍ മുംബൈയിലാണ് ജനിച്ചത്. എസ്.ബാബുരാജുമായുള്ള സൗഹൃദമാണ് അദ്ദേഹത്തെ സംഗീതരംഗത്തെ ശ്രദ്ധേയനാക്കിയത്. നിരവധി നാടകങ്ങള്‍ക്കും സീരിയലുകള്‍ക്കും സംഗീതം നല്‍കിയിട്ടുണ്ട്.

കുറെയധികം സിനിമകളിൽ അഭിനയിക്കുവാനുള്ള അവസരവും കമാലിന് ലഭിച്ചു. മീനമാസത്തിലെ സൂര്യൻ, മുഖ്യമന്ത്രി, ഹലോ മൈഡിയർ റോംഗ് നമ്പർ, ഭൂമിയിലെ രാജാക്കന്മാർ തുടങ്ങിയ ചിത്രങ്ങളിലും ഭരത് ചന്ദ്രൻ ഐ.പി.എസിൽ ഒരു ചെറിയ വേഷവും അദ്ദേഹം ചെയ്തു. മേജർ രവിയുടെ കുരുക്ഷേത്ര എന്ന ചിത്രത്തിന്റെ ടൈറ്റിൽ സോംഗ് എഴുതിയത് കമാലാണ്.മീനയാണ് ഭാര്യ. മൂന്ന് പെൺമക്കളുണ്ട്. കബറടക്കം ചൊവ്വാഴ്ച വൈകിട്ട് നാലരയ്ക്ക് പാളയം ജുമാ മസ്ജിദിൽ നടക്കും.