അബുവിനെതിരെ മന്ത്രി ഷിബു ബേബി ജോണ്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

single-img
21 March 2015

BIJIകൊല്ലം: വിവാദ പരാമര്‍ശം നടത്തിയ കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റ് കെ.സി അബുവിനെതിരെ മന്ത്രി ഷിബു ബേബി ജോണ്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.  നിയമസഭയില്‍ സമാധാനപരമായി അവസാനിച്ച പ്രശ്‌നമാണ് അബുവിന്റെയും എം.എ വാഹിദിന്റെയും പരാമര്‍ശത്തിലൂടെ വിവാദമായത്. അബുവിനെതിരെ നടപടി സ്വീകരിക്കണമെന്ന് ഫാക്സ് മുഖാന്തരം നല്‍കിയ പരാതിയില്‍ ഷിബു ആവശ്യപ്പെട്ടു. കൂടാതെ സംഘടനതലത്തില്‍ കെ.പി.സി.സി പ്രസിഡന്റിനും പരാതി അയച്ചിട്ടുണ്ട്. ഇരുവർക്കും വക്കീല്‍ നോട്ടീസുമയക്കും.

നിയമസഭയില്‍ നടന്ന വിഷയത്തില്‍ താന്‍ കെ.സി അബുവുമായി സംസാരിച്ചിട്ടില്ല. താനുമായി സംസാരിച്ചുവെന്ന് പറഞ്ഞ് അബു നടത്തിയ പ്രസ്താവന ദൗര്‍ഭാഗ്യകരമാണ്. തന്നെയും ബിജിമോള്‍ എം.എല്‍.എയെയും ചേര്‍ത്ത് മോശപ്പെട്ട പരാമര്‍ശം നടത്തുകയും വിവാദത്തിലേക്ക് തന്റെ പേര് വലിച്ചിഴക്കുകയും ചെയ്തത് അപലപനീയമാണെന്നും ഷിബു പറഞ്ഞു.

കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ ശ്രമിച്ച ബിജിമോളെ ഷിബു ബേബി ജോണ്‍ തടഞ്ഞുവച്ച സംഭവത്തെയാണ് അബുവും വാഹിദും ആക്ഷേപിച്ചത്. ഇരുവരും അത് ആസ്വദിക്കുകയായിരുന്നുവെന്നും പ്രണയസല്ലാപമാണ് നടന്നതെന്നുമായിരുന്നു ഇവര്‍ ആക്ഷേപിച്ചത്.