കേരളാ കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മറ്റി ഇന്ന് , നിലപാട് കടുപ്പിച്ച് പി.സി ജോര്‍ജ്ജ്

single-img
21 March 2015

k_m_mani_budget_2014കോട്ടയം: ആകാംഷ നിറഞ്ഞ അന്തരീക്ഷത്തില്‍ കേരളാ കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മറ്റി യോഗം ഇന്ന് നടക്കും. കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ പരസ്യമായി മാണിക്കെതിരെ നടത്തുന്ന ആരോപണങ്ങള്‍ എങ്ങനെ ചെറുക്കും എന്നതാണ് യോഗത്തിലെ മുഖ്യഅജണ്ട. എന്നാല്‍ പാര്‍ട്ടി വൈസ് ചെയര്‍മാനും ഗവ. ചീഫ് വിപ്പുമായ പി സി ജോര്‍ജ് കൈകൊള്ളുന്ന നിലപാടുകളാകും യോഗത്തിന്റെ ഗതി നിശ്ചയിക്കുക. ബാര്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് കെ.എം മാണിക്കെതിരെ വിജിലന്‍സ് സംഘം കുറ്റപത്രം സമര്‍പ്പിച്ചാല്‍ മന്ത്രിസ്ഥാനം രാജിവെക്കണമെന്ന ആവശ്യം പി.സി ജോര്‍ജ് യോഗത്തില്‍ ഉന്നയിക്കും. അതേസമയം പി.സി ജോര്‍ജ് മാണിയുടെ രാജി ഉന്നയിച്ചാല്‍ ഒരു വിഭാഗം നേതാക്കള്‍ അതിനെ പിന്തുണയ്ക്കാന്‍ തന്നെയാണ് സാധ്യത.

വിജിലന്‍സ് സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് രണ്ടാഴ്ചക്കുള്ളില്‍ സര്‍ക്കാറിന് നല്‍കുമെന്ന സൂചനകളാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ സ്വയം മാറി നിന്ന് മാണി നിരപരാധിത്വം തെളിയിക്കണമെന്ന ആവശ്യവും ഉയര്‍ത്താനാണ് സാധ്യത. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിയ സാഹചര്യത്തില്‍ മാണിയുടെ ഈ കടുംപിടുത്തം പാര്‍ട്ടിക്ക് ഗുണത്തേക്കാള്‍ ദോഷം ചെയ്യുമെന്നാണ് പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായമുയരുന്നുണ്ട് . ഈ സാഹചര്യത്തില്‍ ഇന്നത്തെ സ്റ്റിയറിംഗ് കമ്മറ്റി എന്ത് തീരുമാനം എടുക്കുമെന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്.