വോട്ടിംഗ് മെഷീനില്‍ സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ : പ്രേരണയായത് പാലാ സ്വദേശിയുടെ നിവേദനം

single-img
21 March 2015

rereerകോട്ടയം: വോട്ടിംഗ് യന്ത്രത്തില്‍ സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോ ഉള്‍പ്പെടുത്താന്‍ പ്രേരകമായത് പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസിന്റെ നിവേദനം. ഈ ആവശ്യമുന്നയിച്ച് എബി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് 2013ല്‍ നിവേദനം നല്‍കിയിരുന്നു. അന്നു ഉപതെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ഇപ്പോഴത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എച്ച്.എസ്. ബ്രഹ്മ പ്രസ്തുത നിര്‍ദ്ദേശത്തെ അഭിനന്ദിക്കുകയും പ്രാധാന്യത്തോടെ നടപടി സ്വീകരിക്കണമെന്ന് മറുപടി നല്‍കുകയും ചെയ്തിരുന്നു.

അടുത്ത മെയ് ഒന്നു മുതല്‍ നിയമം പ്രാബല്യത്തില്‍ വരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതു സംബന്ധിച്ച് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അറിയിപ്പും നല്‍കിയിട്ടുണ്ട്. വോട്ടര്‍ക്ക് സംശയമുണ്ടാകാത്ത വിധം തങ്ങള്‍ തെരഞ്ഞെടുക്കുന്ന ആളിന് വോട്ടു ചെയ്യാന്‍ സഹായിക്കുന്ന പരിഷ്‌ക്കാരമാണിതെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. പോസ്റ്റല്‍ ബാലറ്റിനും ബാലറ്റ് പേപ്പര്‍ ഉപയോഗിക്കുന്ന തെരഞ്ഞെടുപ്പുകളിലും ഇത് ബാധകമാണ്. തെരഞ്ഞെടുപ്പ് ചിഹ്നത്തിന്റെയും പേരിന്റെയും നടുവിലാണ് സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ പതിപ്പിക്കുന്നത്. ഫോട്ടോ യൂണിഫോമോ ഇരുണ്ട കണ്ണടയോ ധരിച്ചു കൊണ്ടാകരുതെന്ന നിബന്ധനയും കമ്മീഷന്‍ മുന്നോട്ടു വച്ചിട്ടുണ്ട്. അപരന്മാര്‍ നേടുന്ന വോട്ടുകള്‍ കാരണം തോറ്റ സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ നിരവധിയാണ്.

അധാര്‍മ്മികമായ ഇത്തരം പ്രവണതകള്‍ ഒഴിവാക്കാന്‍പുതിയ പരിഷ്‌ക്കാരം വഴി തെളിക്കും.ദേശീയ പതാക ദുരുപയോഗത്തിനെതിരെ കഴിഞ്ഞ കാല്‍നൂറ്റാണ്ടായി പ്രചാരണം നടത്തുന്ന എബി നടത്തുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ ദേശീയഅന്തര്‍ദ്ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. കറന്‍സി നോട്ടുമാല ഇടുന്നതിനെതിരെ എബി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അടുത്തകാലത്ത് റിസര്‍വ്ബാങ്ക് നടപടി സ്വീകരിച്ചിരുന്നു.