ഈ ദിവസത്തെപ്പറ്റി മാനവരാശിക്ക് ഓര്‍മ്മ വേണം, ഇന്ന് ലോക ജലദിനം

single-img
22 March 2015

charity-water-mothers-day-08ഇതൊരു ഓര്‍മ്മപ്പെടുത്തലിന്റെ ദിനമാണ്. കാരണം ഇന്ന് ഭൂമി വറ്റിവരളുമ്പോള്‍ നാളെ ജലസമ്പത്തിനൊപ്പറ്റി ഓര്‍ക്കേണ്ടിവരും. ജീവജലം സംരക്ഷിക്കുക എന്ന ആഹ്വാനവുമായാണ് ഇന്ന് ലോക ജലദിനം ആചരിക്കുന്നത്. ശുദ്ധജലം, സുസ്ഥിര വികസനം എന്നതാണ് ഈ ജലദിനത്തില്‍ ഐക്യരാഷ്ട്രസഭ നല്‍കുന്ന ജലദിന സന്ദേശം. ലോകജനസംഖ്യ വളര്‍ന്നു പെരുകുമ്പോള്‍ പകരം നല്‍കാനില്ലാതെ മണ്ണിനടിയില്‍ വറ്റിയില്ലാതാവുകയാണ് ജല സമ്പത്ത്, ഉറവുകളെല്ലാം മലിനമാക്കി ഭൂപ്രകൃതിയ്ക്ക് മേല്‍ മനുഷ്യന്‍ കടന്നു കയറുമ്പോള്‍ വരണ്ടുണങ്ങിയും മാലിന്യക്കൂമ്പാരങ്ങളായും മാറുകയാണ് മഹാനദികളും ഉറവിടങ്ങളും..

ലോകമൊന്നാകെ ജലത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കയിലാണ്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന ലോക രാജ്യങ്ങളുടെ പട്ടികയിലേക്ക് നീങ്ങുന്നു. നദികള്‍ ഏറെയുള്ള നമ്മുടെ നാട്ടിലും സ്ഥിതി വ്യത്യസ്തമല്ല. യന്ത്രങ്ങളിറക്കി മണലൂറ്റിയെടുത്ത് കൈവഴികളായി മാറിയ പുഴകളാണ് ചുറ്റുമുള്ള കാഴ്ച്ച.. വേനലാരംഭിക്കുന്നതിന് മുന്‍പ് വെള്ളമില്ലാതെ ചുട്ടു പൊള്ളാന്‍ തുടങ്ങിയിരിക്കുന്നു കേരളം. അപ്പോള്‍ ഒരു കാര്യം തീര്‍ച്ചയാണ് ഇനി വരാനിരിക്കുന്നതും കൊടുംവരള്‍ച്ചയുടെ നാളുകളാണ്. ഇനിയും പലരീതിയില്‍ ഭൂമിയെ കാര്‍ന്നുതിന്നാല്‍ ദുരന്തം മനുഷ്യന് തന്നെയാണെന്നും ഓര്‍ക്കുക.