ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകള്‍ കേന്ദ്രസര്‍ക്കാര്‍ നിരീക്ഷണത്തില്‍

single-img
13 May 2015

Social media signs

ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍, വാട്ട്‌സ് ആപ്പ് തുടങ്ങിയ പ്രമുഖ സോഷ്യല്‍ മീഡിയ സൈറ്റുകളും ആ പ്ലിക്കേഷനുകളും കേന്ദ്രസര്‍ക്കാരിന്റെ നിരീക്ഷണത്തില്‍. സര്‍ക്കാറിനെ സംബന്ധിച്ച വിഷയങ്ങളില്‍ ജനങ്ങളുടെ പ്രതികരണം ഉടന്‍ മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് വെബ്‌സൈറ്റുകളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തുന്നത്. പ്രസ്തുത വെബ്‌സൈറ്റുകളിലെ വാര്‍ത്താവിവരങ്ങളും അതുപോലെ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന വിഷയങ്ങളിലെ പ്രതികരണങ്ങളും ശേഖരിച്ച് ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

നവമാധ്യമങ്ങളിലൂടെ സര്‍ക്കാറിന്റെ വിവിധ സംരംഭങ്ങളും പ്രവര്‍ത്തനങ്ങളും പ്രചരിപ്പിക്കാനായി ന്യൂ മീഡിയവിങ് യു.പി.എ. സര്‍ക്കാറിന്റെ കാലത്തുതന്നെയുണ്ടെങ്കിലും ഈ സംരംഭത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമായത് ഈ സര്‍ക്കാരിന്റെ കാലത്താണ്. ഇതിനു പുറമേയാണ് സോഷ്യല്‍മീഡിയ സൈറ്റുകള്‍ക്കായി പ്രത്യേകകേന്ദ്രം സര്‍ക്കാര്‍ തുറക്കുന്നതും.

സോഷ്യല്‍ മീഡിയ നിരീക്ഷണകേന്ദ്രം സ്ഥാപിക്കാനുള്ള ചുമതല കേന്ദ്ര വാര്‍ത്താവിനിമയപ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ബ്രോഡ്കാസ്റ്റ് എന്‍ജിനീയേഴ്‌സ് ആന്‍ഡ് കണ്‍സല്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡിനാണ് . മലയാളം ഉള്‍പ്പെടെ എല്ലാ ഭാഷകളിലുമുള്ള സന്ദേശങ്ങള്‍ വിലയിരുത്തപ്പെടുകയും ദേശദ്രോഹപരവും രാജ്യസുരക്ഷയെ അപകടപ്പെടുത്തുന്നതുമായ സന്ദേശങ്ങള്‍, മതനിന്ദ, വര്‍ഗീയവിദ്വേഷം ഉണര്‍ത്തല്‍, സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കല്‍, അന്ധവിശ്വാസപ്രചാരണം, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങി വിവിധവിഭാഗത്തില്‍വരുന്ന സന്ദേശങ്ങള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്യും.