പിണറായി തള്ളിയാലും വിജയകുമാറിന് തള്ളാന്‍ കഴിയില്ല, വി.എസ് അരുവിക്കരയിലെത്താനുള്ള കാരണമെന്ത്?

single-img
5 June 2015

VS_0അരുവിക്കരയില്‍ പ്രചരണം ചൂടുപിടിക്കുമ്പോള്‍ എല്ലാവര്‍ക്കും അറിയേണ്ടത് ഒരേയൊരു കാര്യം. പ്രചാരണത്തിന് ചുക്കാന്‍പിടിക്കാന്‍ വി.എസ് എത്തുമോ എന്നാണ് എതിരാളികള്‍ പോലും ഇടത് നേതാക്കളോട് ചോദിച്ച ഒരേയൊരു ചോദ്യം. വി.എസ് എത്തുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. വിജയകുമാര്‍ തന്നെ കഴിഞ്ഞദിവസം മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. മണ്ഡലത്തില്‍ ഇടതുപ്രചാരണം ഇതുവരെ ഔദ്യോഗികമായി തുടങ്ങിയിട്ടില്ലെന്നും പ്രചരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം വിഎസ് തന്നെ നിര്‍വഹിക്കുമെന്നും വിജയകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

നേരത്തെ ഇടതു മുന്നണി കണ്‍വെന്‍ഷനില്‍ നിന്നും ഒഴിവാക്കിയതില്‍ വിഎസ് കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. എന്നാല്‍ വി.എസിന്റെ വാക്കുകളെ ആദ്യം വകവയ്ക്കാതിരുന്ന സി.പി.എമ്മിന് ഇപ്പോള്‍ അരുവിക്കരയുടെ കാര്യത്തില്‍ ആശങ്കയേറെയാണ്. വി.എസ് അപ്രതീക്ഷിതമായി ഏതെങ്കിലും തരത്തില്‍ പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചാല്‍ അത് അരുവിക്കര ഉപതിരഞ്ഞെടുപ്പിനെ വലിയതോതില്‍ സ്വാധീനിക്കുക തന്നെ ചെയ്യും. അതിനാല്‍ തന്നെയാണ് ഔദ്യേഗികപക്ഷ നേതാക്കളില്‍ നിന്നും യാതൊരു തരത്തിലുള്ള പ്രകോപനപരമായ പ്രസ്താവനകളും ഉണ്ടാകാത്തത്.

തുടക്കത്തില്‍ അരുവിക്കരയില്‍ സി.പി.എം വലിയ വിജയമാണ് സ്വപ്നം കണ്ടിരുന്നത്. എന്നാല്‍ ബി.ജെ.പി രാജഗോപാലിനെ അപ്രതീക്ഷിതമായി സ്ഥാനാര്‍ത്ഥിയാക്കിയതോടെ സി.പിഎമ്മിന്റെ കണക്ക്കൂട്ടലുകള്‍ പൂര്‍ണ്ണായും തെറ്റി. അതിനാല്‍ തന്നെ അരുവിക്കരയില്‍ ഓരോ വോട്ടും നിര്‍ണ്ണായകമാണ്. ഈ സാഹചര്യത്തില്‍ തുടക്കത്തിലേയുള്ള കടുംപിടുത്തങ്ങള്‍ ഒഴിവാക്കി വി.എസ്സിനെ കളത്തിലിറക്കി എല്ലാ ഘടകങ്ങളും അനുകൂലമാക്കാനാണ് സി.പി.എംശ്രമിക്കുന്നത്.