പലിശക്കെണിയിൽ അകപ്പെട്ട് ചെമ്മണ്ണൂർ ജ്വല്ലറിയില്‍ വെച്ച് ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചിട്ടും ബോബി ചെമ്മണ്ണൂരിന്റെ പേരു പറയാൻ മാദ്ധ്യമങ്ങൾക്ക് മടി;നിയമവിരുദ്ധമായി ചെക്കും മുദ്രപത്രവും വാങ്ങി സ്വർണ്ണം കടം കൊടുക്കുന്നു എന്ന് പറയപ്പെടുമ്പോഴും രമേശ് ചെന്നിത്തലുടെ “ഓപ്പറേഷൻ കുബേര” പോലീസിന് അനക്കമില്ല

single-img
14 June 2015

Chemmannurതിരൂര്‍: ബോബി ചെമ്മണ്ണൂരിന്റെ ജ്വല്ലറിയില്‍ എത്തി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. കാളാട് സ്വദേശി പാട്ടശേരി വീട്ടില്‍ ഇസ്മായില്‍(50) ആണ് മരിച്ചത്.ചെമ്മണ്ണൂർ ജൂവലറിക്കാരുടെ ഭീഷണിക്ക് മുമ്പിൽ കീഴടങ്ങി ഇസ്മായിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തിട്ടും ചെമ്മണ്ണൂർ ജ്വല്ലറിയുടെ പേരു പറഞ്ഞ് വാർത്ത റിപ്പോർട്ട് ചെയ്യാൻ മാദ്ധ്യമങ്ങൾ തയ്യാറാകുന്നില്ല.ബ്ലഡ് ബാങ്ക് രൂപീകരിക്കാനെന്ന പേരിൽ ബോബി ചെമ്മണ്ണൂർ നടത്തിയ ഓട്ടം റിപ്പോർട്ട് ചെയ്യാൻ എല്ലാ വാർത്താ ബുള്ളറ്റിനുകളിലും സമയം കണ്ടെത്തിയിരുന്ന ചാനലുകൾ വാർത്ത അറിഞ്ഞ മട്ടില്ല.ചാനലുകളിൽ ഏഷ്യാനെറ്റ് ചെമ്മണ്ണൂരിന്റെ പേരു പറയാതെ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നവ മാദ്ധ്യമങ്ങൾ ചെമ്മണ്ണൂർ ജ്വല്ലറിയിലെ ആത്മഹത്യ ശക്തമായി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആത്മഹത്യാ വാർത്ത മനോരമയും മാതൃഭൂമിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.പക്ഷേ “പ്രമുഖ ജ്വല്ലറിയുടെയും” അതിന്റെ മുതലാളിയുടേയും പേരു പത്രമുത്തശ്ശിമാർക്ക് അറിയില്ല.പത്രങ്ങളും ഓൺലൈൻ മാധ്യമങ്ങളും ആത്മഹത്യാ വാർത്ത വന്നതോടെ നിൽക്കക്കള്ളിയില്ലാതെ ചെമ്മണ്ണൂർ ജ്വല്ലറിയിലെ ആത്മഹത്യ വാർത്ത റിപ്പോർട്ട് ചെയ്യേണ്ട അവസ്ഥയിലാണു ചാനലുകൾ.നിയമങ്ങൾ ലംഘിച്ച് ബോബി ചെമ്മണ്ണൂർ 2000 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന പ്രതിപക്ഷ നേതാവിന്റെ പത്രസമ്മേളനവും ചാനലുകളും പത്രങ്ങളും മുക്കിയിരുന്നു.

നിയമവിരുദ്ധമായി ചെക്കും മുദ്രപത്രവും വാങ്ങി സ്വർണ്ണം കടം കൊടുക്കുന്നു എന്ന് പറയപ്പെടുമ്പോഴും അതിനെതിരെ യാതൊരു വിധ അന്വേഷണവും നടത്താത്ത പോലീസ് ആത്മഹത്യ ചെയ്ത ഇസ്മയിലിനെതിരെ ജ്വല്ലറിയില്‍ അതിക്രമിച്ച് കയറിയതിനും ഉപകരണങ്ങള്‍ക്ക് നാശനഷ്ടം വരുത്തിയതിനും ഐപിസി 447, 427 എന്നീ വകുപ്പുകളില്‍ കേസെടുത്തിരുന്നു

അതേസമയം നിയമവിരുദ്ധ മാർഗ്ഗങ്ങളിലൂടെ ജനങ്ങലെ കടക്കെണിയിൽപ്പെടുത്തിയ ചെമ്മണ്ണൂരിനെതിരായി കേസുമായി മുന്നോട്ട് പോകുമന്ന് സ്റ്റേറ്റ് ഹ്യൂമൻ റൈറ്റ്‌സ് പ്രൊട്ടക്ഷൻ സെന്റർ അറിയിച്ചു.പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ച ബോബി ചെമ്മണ്ണൂരിന്റെ 2000 കോടിയുടെ തട്ടിപ്പിനെതിരായി കേസിനു പോയ സംഘടനയാണു സ്റ്റേറ്റ് ഹ്യൂമൻ റൈറ്റ്‌സ് പ്രൊട്ടക്ഷൻ സെന്റർ.ചെമ്മണ്ണൂരിന്റെ ജ്വല്ലറിയില്‍ എത്തി തീകൊളുത്തി ആത്മഹത്യ ചെയ്ത ഇസ്മായിന്റെ വീട് തിങ്കളാഴ്ച സന്ദർശിക്കുമെന്നും ചെമ്മണ്ണൂർ ജ്വല്ലറിക്കെതിരെ തുടർ നടപടികളുമായി മുന്നോട്ട് പോകുമെന്നും സ്റ്റേറ്റ് ഹ്യൂമൻ റൈറ്റ്‌സ് പ്രൊട്ടക്ഷൻ സെന്റർ ജനറൽ സെക്രട്ടറി ജോയ് കൈതാരത്ത് ഇ വാർത്തയോട് പറഞ്ഞു.