മുഖ്യമന്ത്രി നിര്‍ദേശിച്ചു, അരുവിക്കരയില്‍ യു.ഡി.എഫ് കടന്നുകൂടിയാല്‍ ജോര്‍ജ്ജിനെതിരെ നടപടി ഉറപ്പ്

single-img
15 June 2015

pc-georgeകോട്ടയം: ഏറെ നിര്‍ണ്ണായകമായ അരുവിക്കര ഉപതെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചാല്‍ ജോര്‍ജിനെതിരെ നടപടി സ്വീകരിക്കാന്‍ മൂന്നംഗ സമതിയേയും സ്റ്റിയറിംഗ് കമ്മിറ്റിയോഗം തീരുമാനിച്ചു. പാര്‍ട്ടി സംസ്ഥാനജനറല്‍ സെക്രട്ടറി ജോയി ഏബ്രഹാം എംപി, മുന്‍ എംഎല്‍എ ആന്റണി രാജു, ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ എന്നിവരടങ്ങുന്ന മൂന്നംഗ കമ്മിറ്റിയാണ് രൂപം നല്‍കിയിരിക്കുന്നത.് അരുവിക്കര കടക്കുന്നതുവരെ ജോര്‍ജിനെതിരെ നടപടി വേണ്ടെന്ന നിര്‍ദേശം മുഖ്യമന്ത്രിയും എ ഗ്രൂപ്പും കെ.എം.മാണിയോട് നിര്‍ദേശിച്ചിരുന്നു. ജോസഫ് വിഭാഗം നടപടി ഉടന്‍ വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. ആന്റണി രാജു, കെ.ഫ്രാന്‍സീസ് ജോര്‍ജ്, മോന്‍സ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള ജോസഫ് വിഭാഗം ശക്തമായ നിലപാടുമായി രംഗത്തുവന്നെങ്കിലും പി.ജെ. ജോസഫ്മൗനം പാലിച്ചു. ജോര്‍ജിനെതിരെ നടപടി വേണമെന്ന അഭിപ്രായക്കാരായിരുന്നു ഭൂരിഭാഗവും. ഒടുവില്‍ കമ്മിറ്റി രൂപീകരിച്ച് പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ കെ.എം.മാണി വിഷയം അവസാനിപ്പിക്കുകയായിരുന്നു. തന്റെ വിശ്വസ്തരായ ജോയി ഏബ്രഹാമിനേയും തോമസ് ഉണ്ണിയാടനേയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

അരുവിക്കര ഉപതരെഞ്ഞെടുപ്പില്‍ ശബരിനാഥ് വിജയിച്ചാല്‍ പിന്നെ സര്‍ക്കാരിനു കാര്യമായ ഭീഷണി ഉണ്ടാകില്ല. അങ്ങനെ വന്നാല്‍ തുടര്‍ച്ചയായി പാര്‍ട്ടി നിലപാടുകള്‍ പി.സിജോര്‍ജ് ലംഘിക്കുന്നുവെന്നു കാട്ടി പാര്‍ട്ടി സ്പീക്കര്‍ക്കു നല്‍കിയ പരാതി ശക്തമാക്കാനാണ് കെ.എം.മാണിയുടെ ആലോചന. അങ്ങനെ വരുമ്പോള്‍ സ്പീക്കര്‍ക്കു വേണമെങ്കില്‍ ജോര്‍ജിന്റെ എംഎല്‍എ സ്ഥാനം റദ്ദാക്കാം. എന്നാല്‍ ഇതു കൂറുമാറ്റ നിരോധന നിയമത്തില്‍വരില്ല. ജോര്‍ജിനെ എംഎല്‍എ സ്ഥാനത്തു നിന്നും നീക്കിയാല്‍ പിന്നെ വെറും പാര്‍ട്ടി മെംബര്‍ഷിപ്പുള്ള ഒരംഗം മാത്രമാകും. ഇതോടെ പൂഞ്ഞാര്‍ സീറ്റില്‍ കേരള കോണ്‍ഗ്രസിനു അവകാശവാദം ഉന്നയിക്കാനും മറ്റൊരാള്‍ക്ക് സീറ്റു നല്‍കാനും സാധിക്കും. ഇതിനുള്ള നടപടികളായിരിക്കും മൂന്നംഗ കമ്മിറ്റി തീരുമാനിക്കുക. പി.സിജോര്‍ജിനെ പ്രതിരോധിക്കുന്നതിനുള്ള പാര്‍ട്ടി നടപടികള്‍ കൂടുതല്‍ ശക്തമാക്കാനും ഇന്നലെ ചേര്‍ന്ന സ്റ്റിയറിംഗ് കമ്മിറ്റിയില്‍ തീരുമാനമായി.