പെൻഷൻ പ്രായം 56ൽ നിന്ന് 58 ആയി ഉയർത്താൻ ശമ്പള കമ്മിഷൻ സർക്കാരിനോട് ശുപാർശ ചെയ്തു

single-img
13 July 2015

downloadസംസ്ഥാന ജീവനക്കാരുടേയും അദ്ധ്യാപകരുടേയും പെൻഷൻ പ്രായം 56ൽ നിന്ന് 58 ആയി ഉയർത്താൻ പത്താം ശമ്പള കമ്മിഷൻ സർക്കാരിനോട് ശുപാർശ ചെയ്തു. സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും കുറഞ്ഞ ശമ്പളം 17000 രൂപയും കൂടിയത് 1.20 ലക്ഷവും ആക്കാനാണ് ശുപാർശ. 2014 ജൂലായ് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പുതിയ സ്‌കെയില്‍ നടപ്പാക്കണമെന്നാണ് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

 
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും ധനകാര്യമന്ത്രി കെ.എം മാണിയുടെയും സാന്നിധ്യത്തിലാണ് റിപ്പോര്‍ട്ട് കൈമാറിയത്. മുൻകാലങ്ങളിൽ എല്ലാ ജീവനക്കാർക്കും നൽകിയിരുന്ന സ്പെഷ്യൽ പേ നിറുത്തലാക്കും. ഇതിന് ആനുപാതികമായി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കും. സ്പെഷ്യൽ പേ നിറുത്തലാക്കുന്നതിനോട് മെന്പർ സെക്രട്ടറി കെ.വി.തോമസ് വിയോജിച്ചതായി രാമചന്ദ്രൻ നായർ പറഞ്ഞു. കുടിശ്ശിക പി. എഫിൽ ലയിപ്പിക്കാനാണ് ശുപാർശ. വിവിധ വകുപ്പുകളിൽ അധികമുള്ള 30,000 ജീവനക്കാരെ മറ്റു വകുപ്പുകളിലേക്ക് പുനർവിന്യസിപ്പിക്കും.പ്രധാനപ്പെട്ട 100 പോലീസ്‌ സ്‌റ്റേഷനുകള്‍ സിഐമാരുടെ കീഴിലാക്കണം. ഡിവൈഎസ്‌പി നിയമനത്തിന്‌ സീനിയോറിറ്റി അല്ല മെറിറ്റാണ്‌ പരിഗണിക്കേണ്ടതെന്നും ഡിവൈഎസ്‌പി നിയമനം സര്‍വ്വീസ്‌ സെലക്ഷന്‍ ബോര്‍ഡ്‌ വഴിയാകണമെന്നും വില്ലേജ്‌ ഓഫീസറെ ഡെപ്യൂട്ടി തഹസില്‍ദാര്‍ തസ്‌തികയിലേക്ക്‌ ഉയര്‍ത്തണമെന്നും നിര്‍ദേശമുണ്ട്‌.

 
ശുപാ‌ർശകളെ കുറിച്ച് മന്ത്രിസഭയിൽ ആലോചിച്ച് എത്രയും വേഗം തീരുമാനം കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ജീവനക്കാർക്ക് വേണ്ടി വലിയൊരു സാന്പത്തിക ബാദ്ധ്യതയാണ് സർക്കാർ ഏറ്റെടുത്തിരിക്കുന്നതെന്ന് ധനമന്ത്രി കെ.എം.മാണി പറഞ്ഞു. നവംബര്‍ 30 വരെ കമ്മീഷന്റെ കാലാവധി നീട്ടിയിട്ടുണ്ട്‌.