പാലാ കന്യാസ്ത്രീയുടെ കൊലപാതകം: സമാന ആക്രമണങ്ങൾ ഇതിനുമുൻപും, മഠവുമായി അടുത്തബന്ധമുള്ളവർ നിരീക്ഷണത്തിൽ.

single-img
18 September 2015

Sisterപാലാ കർമ്മലീത്താ മഠത്തിൽ കന്യാസ്ത്രീ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ദുരൂഹതകൾ തുടരുന്നു. വ്യാഴാഴ്ച പുലർച്ചെയാണ് പാലാ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിന് എതിര്‍വശമുള്ള കര്‍മലീത്താ ലിസ്യൂ കോണ്‍വന്റിലെ കിടപ്പുമുറിയിൽ കന്യാസ്ത്രീയെ തലയ്ക്കു പരിക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പാലാ ഡിവൈഎസ്പി ഡി.എസ്.സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ അന്വേഷണം വിവിധ തലങ്ങളിലേക്ക് വികസിപ്പിച്ചിട്ടുണ്ട്.
മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മഠത്തിൽനിന്നും 500 രൂപ മോഷണം പോയതായി അറിഞ്ഞിട്ടുമുണ്ട്. എന്നാൽ 500 രൂപയ്ക്ക് വേണ്ടി ഒരാൾ കൊലചെയ്യുമോ എന്ന ചോദ്യം മറ്റു തലങ്ങളിലേക്കും അന്വേഷണം തിരിക്കുന്നതിനായി പോലീസിനെ പ്രേരിപ്പിക്കുന്നു.

kerala-nun-dead_650x400_71442483754ഇതിനുമുൻപും സമാനമായകന്യാസ്ത്രീ ആക്രമണങ്ങൾ വിവിധ ഇടങ്ങളിലെ മഠങ്ങളിൽ ഉണ്ടായതായി പോലീസിനു വിവരം ലഭിച്ചു.കന്യാസ്ത്രീ കൊലപാതകവുമായി ബന്ധപ്പെട്ട് മഠവുമായി അടുപ്പമുള്ളവരേയും സ്ഥിരമായി അവിടെ സന്ദർശിക്കുന്നവരേയും ചുറ്റിപറ്റി അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഇവരുടെയും കോൺവന്റിൽ നിന്നും പോയതും വന്നതുമായ ഫോൺകോളുകളും പോലീസ് പരിശോധിക്കുന്നുണ്ട്. സമീപ ദിവസങ്ങളിൽ മഠത്തിലെ പെയിന്റിംഗ് ജോലിക്കെത്തിയവരെയും അടുത്ത കെട്ടിടത്തില്‍ നിര്‍മ്മാണ ജോലിയിൽ ഏര്‍പ്പെട്ടിരുന്ന അന്യദേശത്തൊഴിലാളികളെയും സംശയാസ്പദമായ സാഹചര്യത്തിൽ ടൗണിൽ കണ്ടവരെയും ഇന്നലെത്തന്നെ പോലീസ് ചോദ്യം ചെയ്തിരുന്നു. കൂടാതെ മുമ്പ് സമാന രീതിയില്‍ കുറ്റകൃത്യം നടത്തി ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയവരും നിരീക്ഷണത്തിലാണ് എന്ന് പോലീസ് അറിയിച്ചു.
സിസ്റ്റര്‍ അമല കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് ഇതേ മഠത്തിൽ ഉറങ്ങിക്കിടന്നിരുന്ന ഒരു കന്യാസ്ത്രീയുടെ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. 72 വയസ്സുള്ള കന്യാസ്ത്രീയ്ക്കാണ് മുറിവേറ്റത്. ഓർമ്മകുറവുള്ളതിനാൽ ഇവരിൽ നിന്നും കൂടുതൽ വിവരങ്ങളൊന്നും അന്വേഷണോദ്യോഗസ്ഥർക്ക് ലഭിച്ചിട്ടില്ല. കുത്താട്ടുകുളം വടകര, പൈക, ചേറ്റുതോട് എന്നിവിടങ്ങളിലെ മഠങ്ങളിലും ഇത്തരത്തിലുള്ള അക്രമങ്ങൾ അടുത്തകാലങ്ങളിലായി ഉണ്ടായിട്ടുണ്ട്.
വിവിധ ഉദ്യോഗസ്ഥരുടെ ചുമതലയിൽ അഞ്ച് തലങ്ങളിലായിട്ടാണ് പോലീസ് കേസന്വേഷണം വ്യാപിപിച്ചിരിക്കുന്നത്. കുറ്റകൃത്യം സംഭവിച്ച് ഒരു ദിവസം കഴിഞ്ഞിട്ടും കൊലപാതകത്തെ കുറിച്ചുള്ള ദുരൂഹതകൾ ബാക്കിനിൽക്കുകയാണ്.