സര്‍ക്കാര്‍വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച്‌ സൗദിയില്‍ 20 കാരനെ കുരിശിലേറ്റാന്‍ വിധിച്ചു

single-img
19 September 2015

saudiറിയാദ്‌: സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം നടത്തിയെന്നും ആയുധക്കടത്ത്‌ നടത്തിയെന്നും ആരോപിച്ച്‌ സൗദിയില്‍ 20 കാരന്‌ ശിക്ഷയായി കുരിശുമരണം വിധിച്ചു . 2012 ല്‍ 17 കാരനായിരിക്കെ കേസില്‍ അകപ്പെട്ട അലി മൊഹമ്മദ്‌ അല്‍ നിമര്‍ എന്ന യുവാവിനെ സൗദിയിലെ  പ്രാദേശിക കോടതിയാണ്‌ ശിക്ഷിച്ചത്‌. അതേ സമയം ഇയാള്‍ക്കെതിരേ ഒരു തെളിവും കണ്ടെത്തിയിട്ടില്ലെന്ന്‌ വിധിക്കെതിരേ രംഗത്ത്‌ വന്ന അന്താരാഷ്‌ട്ര മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചു.

ഇദ്ദേഹത്തിനായി സമര്‍പ്പിച്ച അവസാന അപ്പീലും രണ്ടാഴ്‌ച മുമ്പ്‌ തള്ളിയതോടെ ശിക്ഷ നടപ്പാക്കുമെന്ന്‌ ഉറപ്പായി.  ശിക്ഷ നടപ്പാക്കുന്നതിനെതിരേ ജയിലിലുള്ളവര്‍ക്കായി വാദിക്കുന്ന അന്താരാഷ്‌ട്ര മനുഷ്യാവകാശ സമൂഹം ഒന്നടങ്കം രംഗത്ത്‌ വന്നിരിക്കുകയാണ്‌.

പിടിക്കപ്പെട്ടത്‌ പ്രായപൂര്‍ത്തിയാകുന്നതിന്‌ മുമ്പാണെന്നും ജയിലില്‍ ക്രൂരമായി പീഡിപ്പിച്ച്‌ കുറ്റം സമ്മതിപ്പിക്കുകയായിരുന്നെന്നും വിചാരണ വേളയില്‍ സ്വന്തം അഭിഭാഷകനെ വെക്കാന്‍ പോലും അനുവദിച്ചില്ലെന്നും ഇവര്‍ ആരോപിച്ചു. കേസ്‌ വിചാരണ അടച്ചിട്ട മുറിയില്‍ തികച്ചും ഏകപക്ഷീയമായിട്ടാണ്‌ നടന്നത്‌ എന്നും പറയുന്നു.

കഴിഞ്ഞയാഴ്‌ചത്തെ അലിയുടെ അവസാന അപ്പീല്‍ പോലും ഈ സ്വഭാവത്തിലായിരുന്നെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു. അതേസമയം രണ്ടു വര്‍ഷം മുമ്പ്‌  അലിയുടെ അമ്മാവന്റെ വധശിക്ഷ നടപ്പാക്കിയിരുന്നു. അലിയുടെ വിധിയുമായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇതിനെ കൂട്ടിവായിക്കുന്നുണ്ട്‌.

ഷിയകള്‍ക്ക്‌ പ്രാമുഖ്യമുള്ള കിഴക്കന്‍ പ്രവിശ്യയില്‍ നിന്നും രണ്ടു വര്‍ഷം മുമ്പാണ്‌ ഷേയ്‌ഖ് നിമര്‍ പിടിയിലായത്‌. അമ്മാവനോടുള്ള അതൃപ്‌തിയാണ്‌ ഇപ്പോള്‍ അലിയ്‌ക്കും ദുര്‍വിധിയായിരിക്കുന്നതെന്നാണ്‌ ആരോപണം.