ബീഫ് ഫെസ്റ്റിവല്‍ വിവാദം: ബീഫ് ഫെസ്റ്റിന് അനുകൂലിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ദീപ നിശാന്തിനെതിരെ നടപടി എടുക്കരുതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

single-img
8 October 2015

rameshബീഫ് ഫെസ്റ്റിവലിന് അനുകൂലമായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത അഭിപ്രായത്തിന്റെ പേരിൽ ദീപ നിശാന്തിനെതിരെ നടപടി എടുക്കരുതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.ഫേസ്ബുക്കിലൂടെയാണു ആഭ്യന്തരമന്ത്രി ബീഫ് വിവാദത്തിൽ പ്രതികരിച്ചിരിക്കുന്നത്.

ദീപ നിശാന്തിനെതിരെ ദേവസ്വം ബോര്‍ഡ് നടപടി സ്വീകരിച്ചിട്ടില്ലെന്നും ബീഫ് ഫെസ്റ്റ് വിവാദത്തിൽ റിപ്പോര്‍ട്ട് ആവശ്യപ്പെടുക മാത്രമാണ് ഉണ്ടായതെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

അതേസമയം സമൂഹ മാധ്യമങ്ങളില്‍ നടത്തുന്ന പ്രതികരണങ്ങള്‍ തന്‍െറ ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍െറ ഭാഗമാണ്. ആ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും കേരളവര്‍മ്മ കോളജ് മലയാള വിഭാഗം അധ്യാപിക ദീപ നിശാന്ത് പറഞ്ഞു.ഫേസ്ബുക്ക് പോസ്റ്റ് കോളജിനെതിരെ ആയിരുന്നില്ല. ദേശീയ രാഷ്ട്രീയത്തിലെ നിലപാടുകളെയാണ് വിമര്‍ശിച്ചത്. തന്‍െറ നിലപാട് ചിലര്‍ വളച്ചൊടിച്ചതില്‍ ഖേദമുണ്ടെന്നും ദീപ നിശാന്ത് പറഞ്ഞു.

യു.പിയിലെ ദാദ്രിയില്‍ ഗോമാസം സൂക്ഷിച്ചുവെന്ന് ആരോപിച്ച് ഗൃഹനാഥനെ തല്ലിക്കൊന്നതില്‍ പ്രതിഷേധിച്ച് തൃശൂര്‍ കേരളവര്‍മ കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ ബീഫ് ഫെസ്റ്റിവലിനെ അനുകൂലിച്ചാണ് ദീപ നിശാന്ത് ഫേസ്ബുക്കില്‍ പ്രതികരിച്ചത്.