അനധികൃതമായി വീഞ്ഞ് സൂക്ഷിച്ചതിന് സൗദിയില്‍ ബ്രിട്ടീഷ് പൗരനായ വൃദ്ധന് 350 ചാട്ടയടി ശിക്ഷ

single-img
14 October 2015

britishറിയാദ്: അനധികൃതമായി വീഞ്ഞ് സൂക്ഷിച്ചതിന് സൗദിയില്‍ ബ്രിട്ടീഷ് പൗരനായ വൃദ്ധന് 350 ചാട്ടയടി ശിക്ഷ.   74കാരനായ കാള്‍ ആന്‍ഡ്രീയാണ് വീട്ടില്‍ ഉല്‍പാദിപ്പിച്ച വീഞ്ഞുമായി പിടിയിലായത്. ഇയാളുടെ കാറില്‍ നിന്നും പൊലീസ് വീഞ്ഞ് കണ്ടെടുക്കുകയായിരുന്നു.

12 മാസത്തെ ജയില്‍ വാസത്തിനൊടുവില്‍ മദ്യ നിരോധന നിയമം ലംഘിച്ചതിന് സൗദി കോടതി ഇയാളെ 350 തവണ ചാട്ടയടിക്ക് ശിക്ഷിക്കുകയായിരുന്നു.എന്നാല്‍ ശിക്ഷ നടപ്പാക്കുന്നത് ഇയാളുടെ ജീവന് അപകടമാകുമെന്ന ബന്ധുക്കളുടെ പരാതിയില്‍ ആശങ്ക പ്രകടിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ വിഷയത്തില്‍ ഇടപെടുമെന്നറിയിച്ചു.

സൗദി കോടതി വിധിയില്‍ അതീവ ആശങ്കയുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിന്റെ വക്താവ് അറിയിച്ചു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കാമറോണ്‍ സൗദി അധികൃതര്‍ക്ക് കത്തെഴുതുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, വൃദ്ധനായ ആന്‍ഡ്രിയ്ക്ക് 350 അടി താങ്ങാനുള്ള ശേഷിയില്ലെന്നും ശിക്ഷ അയാളുടെ ജീവന്‍ അപകടത്തിലാക്കുമെന്നും മകന്‍ പറയുന്നു. ചെയ്ത കുറ്റത്തിന് തന്റെ പിതാവ് ഖേദപ്രകടനം നടത്തിയെന്നും ഒരു വര്‍ഷത്തോളം ജയില്‍ ശിക്ഷയനുഭവിച്ചിട്ടുണ്ടെന്നും മകന്‍  പറഞ്ഞു.

25 വര്‍ഷത്തോളമായി സൗദിയിലെ എണ്ണക്കമ്പനി ജീവനക്കാരനാണ് ആന്‍ഡ്രി. കാന്‍സര്‍ രോഗിയായ ഇയാള്‍ക്ക് കടുത്ത ആസ്തമയുമുണ്ട്. അടിശിക്ഷ മൂലം അദ്ദേഹത്തിന്റെ ജീവന്‍ അപായത്തിലാകാന്‍ ഇടയുണ്ടെന്നും മകന്‍ പറഞ്ഞു.