മനുഷ്യത്വത്തിനെതിരായ അവഹേളനമാണ് പാരീസില്‍ അരങ്ങേറിയതെന്ന് ജി-20 ഉച്ചകോടി

single-img
17 November 2015

g-20ആന്റല്യ(തുര്‍ക്കി):  മനുഷ്യത്വത്തിനെതിരായ അവഹേളനമാണ് പാരീസില്‍ അരങ്ങേറിയതെന്ന് ജി-20 ഉച്ചകോടി. മനുഷ്യത്വത്തിനെതിരായ അവഹേളനമാണ് പാരീസില്‍ അരങ്ങേറിയതെന്ന് ഉച്ചകോടി വിലയിരുത്തി. സിറിയയില്‍ സമാധാനം പുനഃസ്ഥാപിക്കാനും ഐസിസിനെ ഉന്മൂലനം ചെയ്യാനുമുള്ള നടപടികള്‍ക്ക് വേഗംകൂട്ടാന്‍ ജി-20 ഉച്ചകോടിയില്‍ ആഹ്വാനം. ഇതിനായി സൈന്യത്തെ അയയ്ക്കാന്‍ തയ്യാറാണെന്ന് ഉച്ചകോടിയില്‍ പങ്കെടുത്ത ചില രാജ്യങ്ങള്‍ അറിയിച്ചു.  ഭീകരാക്രമണങ്ങള്‍ ലോകസമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയായിട്ടുണ്ട്.

ആഗോള സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് ഇത് തിരിച്ചടിയാണ്. ഭീകരത ഏതെങ്കിലും മതവുമായോ ദേശവുമായോ വംശങ്ങളുമായോ ബന്ധപ്പെടുത്തേണ്ട ഒന്നല്ലെന്ന് ഉച്ചകോടിയുടെ പ്രമേയങ്ങളിലൊന്നില്‍ പറയുന്നു. ഭീകരാക്രമണങ്ങളും ഭീകരസംഘടനകള്‍ക്കുള്ള സാമ്പത്തിക സഹായവും തടയാന്‍ ഒരുമിച്ചുപ്രവര്‍ത്തിക്കാന്‍ സമ്മേളനത്തില്‍ ധാരണയായി.

ഐ.എസ്സിനെ ഇല്ലാതാക്കാനുള്ള നടപടികള്‍ക്ക് വേഗംകൂട്ടുമെന്ന് യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ ഉച്ചകോടിക്കിടെ റഷ്യന്‍ പ്രസിഡന്റ് വ്ലൂദിമിര്‍ പുട്ടിനുമായി നടത്തിയ ചര്‍ച്ചയ്ക്കിടെ വ്യക്തമാക്കി. സിറിയയിലെ ഐസിസ് കേന്ദ്രങ്ങളില്‍ ആക്രമണം ശക്തമാക്കാന്‍ ഒബാമ പുട്ടിനോട് ആവശ്യപ്പെട്ടു.

സിറിയയിലെ ആഭ്യന്തരയുദ്ധത്തിന് രാഷ്ട്രീയപരിഹാരം കാണേണ്ടതുണ്ടെന്ന് ഇരുനേതാക്കളും സമ്മതിച്ചു.    അഭയാര്‍ഥിപ്രശ്‌നത്തില്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ ഉച്ചകോടി ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു. അടുത്തവര്‍ഷം ആദ്യം സിറിയയിലെ അഭയാര്‍ഥികളെ സഹായിക്കാനുള്ള ഫണ്ട് ശേഖരണാര്‍ഥം ദാതാക്കളുടെ സമ്മേളനം ബ്രിട്ടനിലും ജര്‍മനിയിലുമായി ചേരും. കാലാവസ്ഥാമാറ്റം ചെറുക്കാന്‍ നവംബര്‍ അവസാനം പാരീസില്‍ ചേരുന്ന സമ്മേളനത്തില്‍ തീരുമാനമെടുക്കാന്‍ ഉച്ചകോടിയില്‍ പങ്കെടുത്ത രാജ്യങ്ങള്‍ ധാരണയിലെത്തി.