ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

single-img
20 November 2015

nitheeshബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി  സത്യപ്രതിജ്ഞ ചെയ്തു. പട്‌ന ഗാന്ഢി മൈതാനില്‍ നടന്ന ചടങ്ങില്‍ നിതീഷ് കുമാറിനൊപ്പം 28 അംഗ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലാലുപ്രസാദ് യാദവിന്റെ മക്കളായ തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും, തേജ് പ്രതാപ് യാദവ് മന്ത്രിയായും സ്ഥാനമേറ്റിട്ടുണ്ട്. മന്ത്രിസഭയില്‍ ആര്‍ജെഡി, ജെഡിയു എന്നിവര്‍ക്ക് 12 മന്ത്രിമാര്‍ വീതവും, കോണ്‍ഗ്രസിന് നാലുമന്ത്രിമാരുമാണുളളത്.

ബിജെപി വിരുദ്ധ ചേരിയിലെ പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്ത ചടങ്ങ് ദേശീയതലത്തില്‍ മോഡി വിരുദ്ധ സഖ്യത്തിന്റെ ശക്തിപ്രകടനമായി. നിതീഷിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. കൂടാതെ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയായി വെങ്കയ്യ നായിഡുവും പങ്കെടുത്തു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്റെ മഹാസഖ്യം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ വന്‍ വിജയം നേടിയിരുന്നു. മോഡിയും അമിതിഷായും ബിഹാറില്‍ നടത്തിയ പ്രചാരണം തള്ളിയാണ് ജനം മഹാസഖ്യത്തെ വിജയിപ്പിച്ചത്.    243 അംഗ ബിഹാര്‍ നിയമസഭയില്‍ 178 സീറ്റ് നേടിയാണ് നിതീഷ് കുമാറിന്റെ ജെഡിയു, ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളടങ്ങുന്ന മഹാസഖ്യം വന്‍ വിജയം നേടിയത്.