ഭാര്യ രോഗബാധിതയായതിന്റെ പേരില്‍, ഭാര്യയുടെ സമ്മതമുണ്ടെങ്കില്‍പ്പോലും ഒരിക്കലും വിവാഹമോചനം അനുവദിക്കാന്‍ സാധ്യമല്ലെന്ന് സുപ്രീംകോടതി

single-img
4 December 2015

court

ഭാര്യ രോഗബാധിതയായതിന്റെ പേരില്‍, ഭാര്യയുടെ സമ്മതമുണ്ടെങ്കില്‍പ്പോലും ഒരിക്കലും വിവാഹമോചനം അനുവദിക്കാന്‍ സാധ്യമല്ലെന്ന് സുപ്രീംകോടതി. ഭാര്യ സുഖം പ്രാപിച്ചതിനു ശേഷമേ ബന്ധം വേര്‍പെടുത്താനുള്ള അപേക്ഷ പരിഗണിക്കാന്‍ കഴിയൂ എന്നും കോടതി വ്യക്തമാക്കി. പരിഗണനയ്‌ക്കെത്തിയ വിവാഹമോചന ഹര്‍ജിയിലെ ഭാര്യ കാന്‍സര്‍ ബാധിതയാണെന്നും വിദഗ്ധ ചികില്‍സ അടിയന്തരവും അനിവാര്യമാണെന്നും കണ്ടതോടെയാണ് കോടതിയുടെ തീരുമാനം.

ഹിന്ദു കുടുംബങ്ങളില്‍ ഭാര്യ ഭര്‍ത്താവിനെ ദൈവതുല്യനായാണു കാണുന്നതെന്നും വിഷമകരമായ സാഹചര്യങ്ങളില്‍ അരികിലുണ്ടാകണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും നിരീക്ഷിച്ചാണ് കോടതി ഉത്തരവ്.

ഭര്‍തൃഗൃഹത്തിലേക്കു ഭാര്യ പൂര്‍ണമായും പറിച്ചുനടപ്പെടുന്ന വിശുദ്ധമായ കൂടിച്ചേരലാണ് ഹിന്ദു വിവാഹം. പുതിയൊരു ജന്മത്തിനു തുല്യം. ദൈവതുല്യനായി കാണുന്ന ഭര്‍ത്താവിനു വേണ്ടിയുള്ള നിസ്വാര്‍ഥ സേവനവും ആത്മാര്‍പ്പണവുമായി ഭാര്യയുടെ ജീവിതം മാറുന്നു. ഭര്‍ത്താവിന്റെ ജീവിതത്തിലെ സന്തോഷങ്ങളും ദുഃഖങ്ങളും പൂര്‍ണമനസോടെ പങ്കിടുന്നു. തിരിച്ചും അതേ സമീപനം സ്വീകരിക്കാന്‍ ഭര്‍ത്താവിനു ബാധ്യതയുണ്ട്. ഭക്ഷണവും വസ്ത്രവും നല്‍കാന്‍ മാത്രമല്ല, ഭാര്യയുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാനും പ്രതിസന്ധികളില്‍ ഒപ്പം നില്‍ക്കാനും ഭര്‍ത്താവ് കടപ്പെട്ടവനാണ്. കോടതി നിരീക്ഷിച്ചു.

പ്രസ്തുത കേസില്‍ ഭര്‍ത്താവ് 12.5 ലക്ഷം രൂപ വാഗ്ദാനം ചെയ്തതോടെയാണ് ഭാര്യ ഉഭയസമ്മതപ്രകാരമുള്ള വിവാഹമോചനത്തിനു തയാറായതെന്ന് കോടതി ചൂണ്ടിക്കാട്ടി. ജീവന്‍ നിലനിര്‍ത്താനുള്ള ചികില്‍സയ്ക്കു പണം ആവശ്യമുള്ളതിനാലാകാം അതു ചെയ്തതെന്നും മകാടതി പറഞ്ഞു. മാത്രമല്ല ഭാര്യയുടെ ചികില്‍സയ്ക്കായി അഞ്ചു ലക്ഷം രൂപ നല്‍കാന്‍ ഭര്‍ത്താവിനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു.