റിയാദില്‍ അപകടത്തില്‍പ്പെട്ട് ഗുരുതരമായി പരുക്കേറ്റ് ചികിത്സ തേടാന്‍ വിസമ്മതിച്ച പെന്തകോസ്ത് വിശ്വാസിയായ ഇന്ത്യക്കാരനെ നാട്ടിലെത്തിച്ചു

single-img
7 December 2015

riyadhറിയാദ്: റിയാദില്‍ അപകടത്തില്‍പ്പെട്ട് ഗുരുതരമായി പരുക്കേറ്റ് ചികിത്സ തേടാന്‍ വിസമ്മതിച്ച പെന്തകോസ്ത് വിശ്വാസിയായ ഇന്ത്യക്കാരനെ നാട്ടിലെത്തിച്ചു. പെന്തകോസ്ത് വിശ്വാസിയായ യുവാവ് ചികിത്സയ്ക്ക് വിസമ്മതിച്ചത് ആശുപത്രി അധികൃതരെയും ഇന്ത്യന്‍ എംബസിയെയും വിഷമത്തിലാക്കി. ഒടുവില്‍ ജീവന്‍ അപകടത്തിലായതോടെ ഇയാളെ  ഇന്ത്യയിലേക്ക് അയച്ചു. മുംബൈയില്‍ താമസക്കാരനായ തമിഴ്‌നാട് സ്വദേശി ശരവണന്‍ പെരുമാളാണ് ഇടത് കാല്‍മുട്ടിന് ഉണ്ടായ പരുക്ക് ചികിത്സിക്കാന്‍ അനുമതിപത്രം നല്‍കാതിരുന്നത്.

കഴിഞ്ഞ 27നാണ് റോഡ് ക്രോസ് ചെയ്യുന്നതിനിടെ ഈജിപ്ഷ്യന്‍ പൗരന്‍ ഓടിച്ച കാര്‍ ഇടിച്ചായിരുന്നു അപകടം. ശരവണന് അപകടത്തില്‍ ഗുരുതര പരുക്കേറ്റു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന കാല്‍ മുട്ടിന് താഴെ ശസ്ത്രക്രിയ ചെയ്ത് മാറ്റണമെന്നായിരുന്നു ഡോക്ടര്‍മാരുടെ ഉപദേശം. എന്നാല്‍ ചികിത്സ തേടുന്നത് തന്റെ മതവിശ്വാസം അനുശാസിക്കാത്തതിനാല്‍  പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് കുത്തിവെയ്പ് എടുക്കുന്നതിനും കാല്‍ മുറിച്ചുമാറ്റുന്നതിനും ശരവണന്‍ തയ്യാറായില്ല. ഇതിനിടെ അണുബാധ മൂര്‍ച്ഛിച്ച് മരണത്തോട് മല്ലടിക്കുന്ന അവസ്ഥയിലായി.

ശരീരമാസകലം അണുബാധ വ്യാപിച്ചു. മന:ശാസ്ത്രജ്ഞന്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിശ്വാസത്തില്‍ ഉറച്ച്‌നിന്ന് ചികിത്സ വേണ്ടെന്ന നിലപാടിലായിരുന്നു ശരവണന്‍. ഇതോടെ ഇയാളുടെ സ്‌പോണ്‍സര്‍ ഇന്ത്യന്‍ എംബസിയെ സമീപിക്കുകയായിരുന്നു. എംബസി ഉദ്യോഗസ്ഥരും സാമൂഹിക പ്രവര്‍ത്തകരും ഇയാളുമായി ചര്‍ച്ച ചെയ്‌തെങ്കിലും ചികിത്സ വേണ്ടെന്ന നിലപാടിലായിരുന്നു. അവസാനം ഇന്ത്യയില്‍ എത്തിക്കുന്നതുവരെ കുത്തിവെയ്പും മരുന്നും കഴിക്കണമെന്ന നിര്‍ദേശം ശരവണന്‍ അംഗീകരിച്ചു. ചികിത്സ ആരംഭിച്ചതോടെ ആരോഗ്യം മെച്ചപ്പെട്ട ഇയാളെ സ്‌ട്രെക്ചറില്‍ ഇന്ത്യയിലെത്തിച്ചു. മാതാപിതാക്കളും സഹോദരന്‍മാരും മുംബൈയില്‍ എത്തി ശരവണനെ ഹിന്ദുജ ആശുപത്രിയില്‍ വിദഗ്ധ ചികിത്സക്ക് വിധേയമാക്കിയതോടെയാണ് ജീവന്‍ രക്ഷിക്കാനായത്.