‘പുകഞ്ഞ കൊള്ളി പുറത്തെറിയണം’ – ഡിജിപി ജേക്കബ് തോമസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് വീക്ഷണം

single-img
11 December 2015

jacob thomasകോഴിക്കോട്: ഡിജിപി ജേക്കബ് തോമസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച്  കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ മുഖപ്രസംഗം. ജേക്കബ് തോമസ് തന്‍റെ പദവി മറക്കുന്നതായി ‘പുകഞ്ഞ കൊള്ളി പുറത്തെറിയണം’ എന്ന തലക്കെട്ടിൽ എഴുതിയ മുഖപ്രസംഗത്തിൽ പറയുന്നു. പോലീസ് നിരയില്‍ ആശിച്ച പദവി കിട്ടാതായപ്പോഴാണ് ജേക്കബ് തോമസില്‍ അണ്ണാ ഹസാരെ പരകായ പ്രവേശം ചെയ്തതെന്ന് വീക്ഷണം ആരോപിക്കുന്നു. കന്നിമാസം പിറക്കുമ്പോള്‍ പട്ടികള്‍ക്ക് കാമത്വര കലശലാകുന്നത് പോലെ തിരഞ്ഞെടുപ്പ് വര്‍ഷമായാല്‍ ചില ഉദ്യോഗസ്ഥ മേധാവികള്‍ക്ക് സര്‍ക്കാര്‍ വിരുദ്ധ ജ്വരം വര്‍ധിക്കാറുണ്ടെന്നു പറഞ്ഞാണ് എഡിറ്റോറിയല്‍ തുടങ്ങുന്നത്.

അടുത്ത തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം സ്ഥാനാര്‍ത്ഥിത്വം നല്‍കുമെന്ന ആശ മനസ്സില്‍ വെച്ചാണ് ജേക്കബ് തോമസിന്റെ വിമര്‍ശനങ്ങളൊക്കെ. താനൊഴികെ മറ്റുള്ളവരെല്ലാം രോഗബാധിതരാണെന്ന് പറയുന്നവര്‍ക്ക് മനോരോഗമാണ്. അതിന് ചീഫ് സെക്രട്ടറിയുടെ ഇണ്ടാസ് കൊണ്ടല്ല കുതിരവട്ടത്തോ ഊളംപാറയിലോ കൊണ്ടുപോയി ചികിത്സിക്കുകയാണ് വേണ്ടത്. എഡിറ്റോറിയല്‍ പറയുന്നു.

കാരണം കാണിക്കല്‍ നോട്ടീസ് കൊടുക്കുകയല്ല മുക്കാലിയില്‍ കെട്ടി 40 ചാട്ടയടി കൊടുക്കുകയാണ് വേണ്ടത്. അമ്മയെ തല്ലിയും ന്യൂസ് മേക്കാറാകാന്‍ ശ്രമിക്കുന്ന ഇത്തരം യശസ് മോഹികള്‍ പോലീസ് വകുപ്പിന് അപമാനവും അപകടവുമാണ്. വളയമില്ലാത ചാടുന്ന ഈ പോലീസ് ഉദ്യോഗസ്ഥന്‍ വരുതിയില്‍ നില്‍ക്കുന്നില്ലെങ്കില്‍ പുകഞ്ഞകൊള്ളിയായി പുറത്തേക്കെറിയണമെന്നും വീക്ഷണം പറയുന്നു.

ബുധനാഴ്ച ലോക അഴിമതി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ‘അഴിമതിരഹിത കേരളത്തിന് സുസ്ഥിര നേതൃത്വം’ എന്ന വിഷയത്തില്‍ കേരളം നെക്സ്റ്റ് സംഘടിപ്പിച്ച ചര്‍ച്ചയിലാണ് മുഖ്യമന്ത്രിക്കും സർക്കാറിനും എതിരെ ജേക്കബ് തോമസ് പരോഷ വിമർശം നടത്തിയത്. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ അഴിമതിക്കെതിരെ ശബ്ദിച്ചാല്‍ അവര്‍ ഭ്രാന്തരെന്ന് മുദ്രകുത്തപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ജേക്കബ് തോമസ് പറഞ്ഞിരുന്നു‍.

കീഴ്വഴക്കങ്ങള്‍ക്ക് വിരുദ്ധമായ നിലപാടുകള്‍ കൈക്കൊണ്ടാല്‍ അവരെ ഒറ്റപ്പെടുത്തും. അഴിമതിക്കെതിരെ നിലകൊണ്ട ഉദ്യോഗസ്ഥരെ ഇല്ലായ്മ ചെയ്ത ചരിത്രം നമുക്കു മുന്നിലുണ്ട്. സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിക്കാനുള്ള കുറഞ്ഞ യോഗ്യത മൂന്ന് വിജിലന്‍സ് കേസില്‍ പ്രതിയാകണമെന്നതാണ്. ഇടുക്കിയില്‍ അനധികൃത കൈയേറ്റങ്ങള്‍ക്കെതിരെ നടപടിയെടുത്ത ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയത് നാം കണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.