ആര്‍. ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കരുതെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടു

single-img
12 December 2015

omman-chandyതിരുവനന്തപുരം: ആര്‍. ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്നും മുഖ്യമന്ത്രിയെ വെള്ളാപ്പള്ളി വിലക്കി. പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. പരിപാടിയുടെ സംഘാടകനായ വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടതിനാലാണ് താന്‍ പിന്മാറുന്നതെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. മുഖ്യമന്ത്രി പങ്കെടുക്കുന്നത് ചില കേന്ദ്രങ്ങളില്‍ എതിര്‍പ്പുണ്ടാക്കുമെന്ന് വെള്ളാപ്പള്ളി അറിയിച്ചതിനാലാണ് താന്‍ പിന്മാറുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ നിന്നും സംഘാടകരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് വിട്ടുനില്‍ക്കുന്നതെന്നും ഇതില്‍ അതിയായ ദുഖമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയെ വെള്ളാപ്പള്ളി നടേശന്‍ ഫോണില്‍ വിളിച്ചാണ് അഭ്യര്‍ത്ഥിച്ചത്. മുഖ്യമന്ത്രിയെ പരിപാടിയുടെ അധ്യക്ഷനായി ക്ഷണിച്ചതും അദ്ദേഹമാണ്. പ്രോട്ടോകോള്‍ പ്രകാരം പ്രധാനമന്ത്രിയുടെ പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കണമെന്നിരിക്കെ വെള്ളാപ്പള്ളിയുടെ നിലപാട് വലിയ വിവാദത്തിന് തിരികൊളുത്തും.

മുന്‍ മുഖ്യമന്ത്രിയും മുന്‍ കെപിസിസി അധ്യക്ഷനുമായ ആര്‍. ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ താന്‍ രണ്ട് നിലക്കും ബാധ്യസ്ഥനാണ്. ആര്‍ ശങ്കര്‍ മുന്‍ മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായിരുന്നു. കൂടാതെ പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ പ്രോട്ടോകോള്‍ പ്രതകാരവും പൊതുമര്യാദ അനുസരിച്ചും പങ്കെടുക്കേണ്ട ഉത്തരവാദിത്തമുണ്ട്. എന്നാല്‍ തന്നെ ക്ഷണിച്ച സംഘാടകര്‍ തന്നെ പുതിയ നിലപാട് സ്വീകരിച്ചതിനാലാണ് തനിക്ക് ഇത്തരമൊരു തീരുമാനം എടുക്കേണ്ടിവന്നത്.

പരിപാടിയില്‍ പങ്കെടുക്കാനാകാത്ത സാഹചര്യം പ്രധാനമന്ത്രിയെ അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.അതേസമയം, ഇതേകുറിച്ച് പ്രതികരിക്കാനില്ലെന്ന് എസ്എന്‍ഡിപി യൂണിയന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. നല്ല കര്‍മം നടക്കാന്‍ പോകുന്ന സമയത്ത് ചര്‍ച്ചയാക്കാന്‍ താല്‍പര്യമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രിയെ വിലക്കിയ നടപടിക്കെതിരെ വിവിധ ഭാഗങ്ങളില്‍ നിന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.