ചരിത്രത്തിലാദ്യമായി സൗദിയില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം;മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ 19 വനിതകള്‍ക്ക് ജയം

single-img
14 December 2015

saudiറിയാദ്: ചരിത്രത്തിലാദ്യമായി സ്ത്രീകള്‍ക്ക്  വോട്ടവകാശം നല്‍കിയ സൗദി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ 19 വനിതകള്‍ക്ക് ജയം.  ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ആദ്യ വനിത വിജയി സലിമ ബിന്റ് ഹസാബ് അല്‍ ഒത്തൈബിയായി. തെരഞ്ഞെടുപ്പില്‍ മെക്കയിലെ മുനിസിപ്പല്‍ കൗണ്‍സിലിലെ സീറ്റില്‍ നിന്നായിരുന്നു ഒത്തൈബി വിജയിച്ചത്. രാജ്യത്തെ പലയിടങ്ങളിലായാണ് ഇത്രയും വനിതകള്‍ ജയിച്ചതെന്നത് സൗദിയിലെ സ്ത്രീശാക്തീകരണത്തിന്റെ ആക്കം കൂട്ടുന്നു.

ഇവിടെ വിജയിച്ച മറ്റ് ആള്‍ക്കാരെല്ലാം പുരുഷന്മാരാണ്. മൊത്തം 6,440 പേരില്‍ 900 വനിതകളും മത്സര രംഗത്തുണ്ടായിരുന്നു. 21 ദശലക്ഷം ജനസംഖ്യയുള്ള സൗദിയില്‍ 18 വയസ്സിന് മുകളില്‍ പ്രായക്കാരായ 1.5 ദശലക്ഷം പേരാണ് വോട്ട് ചെയ്യാന്‍ അര്‍ഹര്‍. ഇവരില്‍ 119,000 സ്ത്രീ വോട്ടര്‍മാര്‍ ഉണ്ടായിരുന്നു. അതേസമയം പോളിംഗില്‍ വെറും 10 ശതമാനം സ്ത്രീകള്‍ മാത്രമാണ് അവരുടെ സമ്മതിദാനം വിനിയോഗിച്ചത്.  പുരുഷ വോട്ടര്‍മാരില്‍ 44 ശതമാനം പേര്‍ മാത്രമാണ് വോട്ടുചെയ്തതെന്ന് ജനറല്‍ ഇലക്ഷന്‍ കമ്മീഷന്‍ വക്താവ് ഹമദ് അല്‍ഒമര്‍ അറിയിച്ചു.

സൗദിയിലെ മുസ്ലിം യാഥാസ്ഥിതിക തലസ്ഥാനമായ റിയാദിലാണ് കൂടുതല്‍ സ്ത്രീസ്ഥാനാര്‍ഥികളും വിജയിച്ചതെന്നതും ശ്രദ്ധേയമായി. നാലുപേരാണ് ഇവിടെ മാത്രം വിജയിച്ചത്.  ന്യൂനപക്ഷമായ ഷിയാ വിഭാഗക്കാര്‍ കൂടുതലുള്ള കിഴക്കന്‍ പ്രവിശ്യയില്‍ മൂന്ന് വനിതകള്‍വിജയിച്ചു. സ്ത്രീകള്‍ക്ക് ആദ്യമായി വോട്ടവകാശം നല്‍കിയതിലൂടെ ചരിത്രം പിറന്ന തെരഞ്ഞെടുപ്പായിരുന്നു ശനിയാഴ്ച നടന്നത്.   മത്സരരംഗത്ത് നില്‍ക്കാന്‍ സ്ത്രീകള്‍ക്ക് അവകാശം നല്‍കിയെങ്കിലും സ്ത്രീകള്‍ക്ക് പുരുഷന്മാരോട് നേരിട്ട് വോട്ട് ചോദിക്കാന്‍ കഴിയുമായിരുന്നില്ല.

ഇതിന് പകരം പല സ്ഥാനാര്‍ത്ഥികളും സാമൂഹ്യ മാധ്യമങ്ങള്‍ വഴിയായിരുന്നു വോട്ട് തേടിയത്.   രാജ്യത്തെ 2100 സീറ്റുകളിലേക്ക് നടന്ന പ്രാദേശിക തിരഞ്ഞെടുപ്പില്‍ മത്സരിച്ച 7000 സ്ഥാനാര്‍ഥികളില്‍ 979 പേര്‍ വനിതകളായിരുന്നു. ലോക്കല്‍ കൗണ്‍സിലുകളിലേക്ക് സൗദി പൗരന്മാര്‍ക്ക് മാത്രമാണ് വോട്ടവകാശമുള്ളത്. 2005ലെയും 2011ലെയും തിരഞ്ഞെടുപ്പുകളില്‍ പുരുഷന്മാര്‍ക്ക് മാത്രമായിരുന്നു വോട്ടവകാശം.