ചടങ്ങ് അലങ്കോലമാകാതിരിക്കുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രിയെ ഒഴിവാക്കിയതെന്ന് വെള്ളാപ്പള്ളി

single-img
17 December 2015

vellappally-fകണിച്ചുകുളങ്ങര: ആര്‍.ശങ്കര്‍ പ്രതിമാ അനാഛാദന  ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കേണ്ടന്ന് ആവശ്യപ്പെട്ടത് താന്‍ തന്നെയാണെന്ന് വെള്ളാപ്പള്ളി നടേശന്‍. കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയോട് ചടങ്ങില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടത്. ചടങ്ങ് അലങ്കോലമാകാതിരിക്കുന്നതിന് വേണ്ടിയാണ് അങ്ങനെയൊരു തീരുമാനം എടുത്തതു.

എസ്.എന്‍.ട്രസ്റ്റുമായി  ബന്ധമുള്ള പ്രത്യേക സമിതിയാണ് ആര്‍.ശങ്കറിന്റെ പ്രതിമ സ്ഥാപിച്ചത്. പ്രതിമാ നിര്‍മാണത്തില്‍ എസ്.എന്‍.ഡി.പിക്ക് ബന്ധമൊന്നുമില്ല. പ്രതിമാ നിര്‍മാണ സമിതി ജനറല്‍ കണ്‍വീനറുടെ ആവശ്യപ്രകാരമാണ് താന്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചത്.സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് ഭയന്നാണ് മുഖ്യമന്ത്രിയോട് പിന്നീട്  ചടങ്ങില്‍ പങ്കെടുക്കേണ്ടെന്ന് ആവശ്യപ്പെട്ടത്.

തനിക്കെതിരെ കേസെടുത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കെതിരെ പല കേന്ദ്രങ്ങളില്‍ നിന്നും പ്രതിഷേധമുണ്ടാകുമെന്ന് ഭയന്നിരുന്നു. സമ്മേളന സമത്വ മുന്നേറ്റയാത്രയെ കെ.പി.സി.സി കടന്നാക്രമിച്ച സാഹചര്യവും മുഖ്യമന്ത്രിയെ ഒഴിവാക്കാന്‍ ഒരു കാരണമായി. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് മോശമായതൊന്നും സംഭവിക്കരുതെന്നാണ് താന്‍ ആഗ്രഹിച്ചത്.മുഖ്യമന്ത്രിയെ അപമാനിക്കാനോ കൊച്ചാക്കാനോ താന്‍ ശ്രമിച്ചിട്ടില്ലെന്നും വെള്ളപ്പള്ളി പറഞ്ഞു.

മുഖ്യമന്ത്രി വളരെ ആത്മാര്‍ത്ഥമായാണ് ചടങ്ങില്‍ നിന്ന് ഒഴിഞ്ഞത്. വെള്ളാപ്പള്ളിക്ക് വിഷമമുണ്ടാകുന്ന ഒന്നിലും താനില്ലെന്ന് മുഖ്യമന്ത്രി ഫോണിലൂടെ അറിയിച്ചു.  എന്നാല്‍ കോണ്‍ഗ്രസ് ഇതിലൂടെ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.