മക്ക ക്രെയിൻ ദുരന്തം; സാങ്കേതിക വിദഗ്ധരടക്കം അഞ്ചുപേർ കുറ്റക്കാർ

single-img
17 December 2015

makkhaജിദ്ദ: മക്ക മസ്ജിദുൽ ഹറമിലെ ക്രെയിൻ ദുരന്തത്തിൽ സാങ്കേതിക വിദഗ്ധരും എൻജിനീയർമാരും അടക്കം അഞ്ചുപേർ കുറ്റക്കാരാണെന്ന് അന്വേഷണ സംഘം. എന്നാൽ ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇവരിൽ ചില സർക്കാർ ഉദ്യോഗസ്ഥരുമുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഹറമിലെ നിർമാണ പ്രവർത്തനങ്ങളുടെ വിവിധ മേഖലകളിൽ നേതൃത്വം നൽകിയിരുന്നവരെയാണ് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻസ് ആൻഡ് പബ്ളിക് പ്രോസിക്യൂഷൻ (ബി.ഐ.പി) കുറ്റക്കാരായി കണ്ടത്തെിയത്. കുറ്റക്കാർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും അന്വേഷണ റിപ്പോർട്ട് തുടർ നടപടികൾക്കായി റിയാദിലെ ബി.ഐ.പി ആസ്ഥാനത്തേക്ക് കൈമാറുമെന്നും ബി.ഐ.പി വൃത്തങ്ങൾ അറിയിച്ചു.
ഹറം വികസനവുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നത് സൗദിയിലെ പ്രമുഖ സ്ഥാപനമായ ബിൻലാദിൻ കമ്പനിയാണ്. കുറ്റക്കാരെന്ന് സംശയിക്കപ്പെടുന്ന ഈ സ്ഥാപനത്തിലെ ജീവനക്കാർക്കെതിരെ രണ്ടുമാസമായി അന്വേഷണം നടക്കുന്നുണ്ട്. ദുരന്തത്തിന് കാരണക്കാരായ ചിലർക്കെതിരെ തെളിവുകൾ ലഭിച്ചിരുന്നു. സൗദി ഭരണാധികാരി സല്‍മാൻ രാജാവ് ബിൻലാദിൻ കമ്പനിക്കെതിരെ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടു.

അന്വേഷണം പൂർത്തിയാകുന്നത് വരെ കമ്പനി ജീവനക്കാർക്ക് രാജ്യം വിടാനും അനുമതി നിഷേധിച്ചിരുന്നു. സെപ്റ്റംബർ 11 നാണ് ലോകത്തെ നടുക്കിയ ഹറം ക്രെയ്ൻ ദുരന്തം സംഭവിച്ചത്. ദുരന്തത്തിൽ മലയാളികളടക്കം 111 പേർ മരിക്കുകയും 394 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.