ഒടുവിൽ മഞ്ഞുരുക്കം; 25 വർഷങ്ങൾക്കുശേഷം ഇറാഖിലെ സൗദി എംബസി പ്രവർത്തനമാരംഭിക്കുന്നു

single-img
17 December 2015

saudiറിയാദ്: നീണ്ട രണ്ടര പതിറ്റാണ്ടുകാലത്തെ നിസ്സഹകരണ ബന്ധത്തിന് വിരാമമിട്ട് ഇറാഖിലെ സൗദി അറേബ്യൻ എംബസി തുറക്കുന്നു. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ സൗദി എംബസിയാണ് പ്രവർത്തനമാരംഭിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണിത്. എംബസി ജീവനക്കാർ ബുധനാഴ്ച ബഗ്ദാദിലത്തെി.

35 ഉദ്യോഗസ്ഥരാണ് റിയാദിൽ നിന്ന് ഇറാഖിലെത്തിയത്. അംബാസഡറായി നിയമിതനായ സാമിർ അൽ സുബ്ഹാൻ വ്യാഴാഴ്ച എത്തെുമെന്നും എംബസിയുടെ ഔദ്യോഗിക പ്രവർത്തനോദ്ഘാടനം അദ്ദേഹം നിർവഹിക്കുമെന്നും സൗദി വ്യക്തമാക്കി. ഇറാഖ് ജയിലിൽ കഴിയുന്ന സൗദി പൗരന്മാരുടെ മോചനത്തിനാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് സാമിർ അൽ സുബ്ഹാൻ പറഞ്ഞു.

ഇറാഖിന്റെ കുവൈത്ത് അധിനിവേശത്തോടെ അറ്റുപോയ നയതന്ത്ര ബന്ധം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി, ലബനാനിലെ മുൻ മിലിറ്ററി അറ്റാഷെയായിരുന്ന സാമിർ സുബ്ഹാനെ കഴിഞ്ഞ ഏപ്രിലിൽ നോൺ റെസിഡന്‍റ് അംബാസഡറായി സൗദി നിയമിച്ചിരുന്നു. ഇരുരാജ്യങ്ങളുടെയും ജനതകളുടെയും പരസ്പര ബന്ധം ഊഷ്മളമാക്കണമെന്ന സൽമാൻ രാജാവിന്റെ പ്രത്യേക നിർദേശത്തെ തുടർന്നാണ് എംബസി പ്രവർത്തനം ആരംഭിക്കുന്നതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. കുർദ് സ്വയംഭരണ പ്രദേശമായ ഇർബിലിൽ സൗദി കോൺസുലേറ്റ് തുടങ്ങുമെന്നും സൂചനയുണ്ട്.