കീടനാശിനി കമ്പനികളുടെ സമ്മര്‍ദത്തെ തുടര്‍ന്ന്‍ ഡോ. ബിജു തോമസ് മാത്യുവിനെ കേന്ദ്ര കീടനാശിനി പരിശോധനാ പദ്ധതിയുടെ മേധാവി സ്ഥാനത്തുനിന്നും മാറ്റി; വെജി വാഷിനെതിരെയും കേസ്

single-img
21 December 2015

vegiwashകൊച്ചി: കീടനാശിനി കമ്പനികളുടെ സമ്മര്‍ദത്തെ തുടര്‍ന്ന്‍ കേരള കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞന്‍ ഡോ. ബിജു തോമസ് മാത്യുവിനെ കേന്ദ്ര കീടനാശിനി പരിശോധനാ പദ്ധതിയുടെ മേധാവി സ്ഥാനത്തുനിന്ന് മാറ്റി. പച്ചക്കറികളിലെയും പഴവര്‍ഗങ്ങളിലെയും കീടനാശിനി വിഷാംശ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നത് ഡോ. ബിജു തോമസ് മാത്യുവിനെയാണ്.   കീടനാശിനി കമ്പനികളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് കേന്ദ്രത്തില്‍ നിന്ന് നടപടിയുണ്ടായത് .

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഇവിടേക്ക് കൊണ്ടുവരുന്ന പച്ചക്കറികളിലും പഴങ്ങളിലും സുഗന്ധവ്യഞ്ജനങ്ങളിലും അനുവദിക്കപ്പെട്ടതിലും പല മടങ്ങ് കീടനാശിനി വിഷാംശമുണ്ടെന്ന് അങ്ങനെയാണ് ജനം അറിഞ്ഞത്.  ഇതിനെത്തുടര്‍ന്ന് ഉപയോഗം കുറഞ്ഞു. കുറച്ചെങ്കിലും കൃഷി ചെയ്യാനും തുടങ്ങി. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ കീടനാശിനി കമ്പനികളുടെ കൂട്ടായ്മയായ ക്രോപ്പ് കെയര്‍ ഫെഡറേഷന്‍ പരിശോധനകള്‍ക്കെതിരെ രംഗത്തുവരുന്നത്.

ഇതിന് പുറമെ പച്ചക്കറികളിലെയും പഴവര്‍ഗങ്ങളിലെയും കീടനാശിനി വിഷാംശം മാറ്റാന്‍ ഉപയോഗിക്കുന്ന വെജി വാഷിനെതിരെ കീടനാശിനിക്കമ്പനികള്‍ രംഗത്ത്. കേരള കാര്‍ഷിക സര്‍വകലാശാലയുടെ കണ്ടെത്തലായ ഉത്പന്നത്തിനെതിരെ  ഇന്ത്യന്‍ കീടനാശിനിക്കമ്പനികളുടെ കൂട്ടായ്മയായ ക്രോപ്പ് കെയര്‍ ഫെഡറേഷനാണ് ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്.

ക്രോപ്പ് കെയര്‍ ഫെഡറേഷന്‍ വൈസ് ചാന്‍സലര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. പച്ചക്കറികളിലും പഴങ്ങളിലും അടങ്ങിയിരിക്കുന്ന കീടനാശിനി വിഷാംശത്തിന്റെ തോത് മനസ്സിലാക്കി അത് പരമാവധി ഇല്ലാതാക്കാന്‍ സര്‍വകലാശാല കണ്ടെത്തിയ വെജി വാഷിനെതിരെയാണ് ക്രോപ്പ് കെയര്‍ ഫെഡറേഷന്‍ രംഗത്ത് വന്നിട്ടുള്ളത്. നിരോധിക്കപ്പെട്ടവ ഉള്‍പ്പെടെയുള്ള കീടനാശിനികള്‍ പച്ചക്കറി കര്‍ഷകര്‍ക്ക് വില്‍ക്കുന്നതും പോരാഞ്ഞിട്ട് പച്ചക്കറികള്‍ വൃത്തിയാക്കി ഉപയോഗിക്കുന്നതിനു പോലും വിലക്ക് കല്പിക്കാന്‍ ശ്രമിക്കുകയാണ്  കീടനാശിനിക്കമ്പനികള്‍ ചെയ്യുന്നത്.

വെജി വാഷ് ഭക്ഷ്യോല്പന്നമാണെന്നും അതുണ്ടാക്കി വിതരണം ചെയ്യാന്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ ലൈസന്‍സ് വേണമെന്നും വെജി വാഷിന് അതില്ലെന്നുമാണ് അവരുടെ വാദം. അതിനാല്‍ ഈ സാങ്കേതിക വിദ്യ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. വെജി വാഷിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ക്കും ഫെഡറേഷന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

പച്ചക്കറികളിലെ പരിശോധനാ ഫലം പ്രസിദ്ധീകരിച്ചു തുടങ്ങിയപ്പോഴേ അതിനെതിരെ പ്രതികരിച്ചു തുടങ്ങിയ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ വെജി വാഷിന്റെ വില്പനയ്ക്ക് എതിരെയും രംഗത്തുവന്നു. ഉല്പന്നത്തിന്റെ വിപണനം ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പദ്ധതിയുടെ ബൗദ്ധിക സ്വത്തവകാശം സര്‍വകലാശാലയ്ക്കായതിനാല്‍ അവര്‍ അതിന് വഴങ്ങിയില്ല. പച്ചക്കറിയും പഴങ്ങളും കഴുകാനുപയോഗിക്കുന്ന ലായനി എങ്ങനെ ഭക്ഷ്യവസ്തുവാകുമെന്ന് എങ്കില്‍പ്പിന്നെ അവ കഴുകാനുപയോഗിക്കുന്ന സ്‌ക്രബ്ബറുകളും മറ്റും അങ്ങനെയാകണമല്ലോയെന്ന് സര്‍വകലാശാല ചോദിക്കുന്നു.

സര്‍വകലാശാലയുടെ പി.എച്ച്ഡി, എം.എസ്സി. ഗവേഷണ പദ്ധതികളിലൂടെ വികസിപ്പിച്ചെടുത്തതാണ് വെജി വാഷിലെ സാങ്കേതിക വിദ്യ. പച്ചക്കറികളിലും പഴങ്ങളിലും അടങ്ങിയിരിക്കുന്ന കീടനാശിനി വിഷം ഏതൊക്കെയാണെന്ന് പരിശോധനയിലൂടെ തിരിച്ചറിഞ്ഞ്, അവയെ വിഘടിപ്പിച്ചുകളയാന്‍ കഴിയുന്ന പദാര്‍ഥങ്ങള്‍ ചേര്‍ത്താണ് വെജി വാഷ് ഉണ്ടാക്കുന്നത്. വെജി വാഷ് ചേര്‍ത്ത വെള്ളത്തില്‍ നിശ്ചിത സമയം മുക്കിവെയ്ക്കുകയും നന്നായി കഴുകിയെടുക്കുകയും ചെയ്താല്‍ വിഷാംശം ഇല്ലാതാക്കാനാവും.