രാജ്യത്തിന്റെ ഭരണഘടന അനുവദിച്ചാല്‍ സ്ത്രീകളെ പീഡിപ്പിക്കുന്നവരെ വെടിവച്ച് കൊല്ലാന്‍ തനിക്കും പോലീസുകാര്‍ക്കും സന്തോഷമേയുള്ളുവെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണര്‍

single-img
5 January 2016

bhasi

രാജ്യത്തിന്റെ ഭരണഘടന അനുവദിച്ചാല്‍ സ്ത്രീകളെ പീഡിപ്പിക്കുന്നവരെ വെടിവച്ച് കൊല്ലാന്‍ തനിക്കും പൊലീസ് ഡിപ്പാര്‍ട്ടിമെന്റിനും സന്തോഷമേയുള്ളുവെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി.എസ്.ബാസി. സ്ത്രീകളെ ബ്ലു ഫിലിമുകളിലേത് പോലെ കാണുന്നവര്‍ ഡല്‍ഹിയില്‍ അനേകംപേരുണ്ടെന്നും അവരാണ് പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായവരെ വരെ പീഡിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹി പൊലീസിന്റെ വാര്‍ഷിക പത്രസമ്മേളനത്തില്‍ സംസാരിക്കവെയാണ് ബാസിയുടെ പ്രതികരണം. കേന്ദ്രഭരണത്തിന്‍ കീഴിലാണ് ഡല്‍ഹി പൊലീസ് എന്നതില്‍ ദൈവത്തോട് നന്ദിയുണ്ടെന്നും പറഞ്ഞ അദ്ദേഹം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ കടുത്ത ആരോപണവും ഉന്നയിച്ചിട്ടുണ്ട്.

ചിലരുടെ പ്രത്യേക താത്പര്യങ്ങള്‍ക്ക് അനുസരിച്ചാണ് ഡല്‍ഹി പൊലീസ് പ്രവര്‍ത്തിക്കുന്നതെന്ന കെജ്‌രിവാളിന്റെ പ്രസ്താവനയ്ക്ക്, പ്രധാനമന്ത്രിക്കോ, ആഭ്യന്തര മന്ത്രിക്കോ ഒരു തരത്തിലുളള താത്പര്യങ്ങളും ഇല്ലെന്നും, തങ്ങള്‍ക്കുമേല്‍ ആരുടെയും സമ്മര്‍ദങ്ങളില്ലെന്നും അദ്ദേഹം മറുപടി നല്‍കി. എന്നാല്‍ അത്തരം താത്പര്യങ്ങളുള്ള വ്യക്തിയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളെന്നും അദ്ദേഹം പറഞ്ഞു.