മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് സി പി എം നയമെന്ന് കോടിയേരി

single-img
7 January 2016

KODIYERI_BALA1മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് സി പി എം നയമെന്നും എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ അതിനായാണ് പരിശ്രമിക്കുകയെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോപണത്തിന് മറുപടിയായി തൊടുപുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി.

മദ്യം നിരോധിക്കാനെന്ന പേരില്‍ ബാറുകള്‍ പൂട്ടിയിട്ടും സംസ്ഥാനത്ത് മദ്യ ഉപഭോഗം കൂടുകയാണുണ്ടായതെന്ന് കൊടിയേരി പറഞ്ഞു.ബാര്‍ ഉടമകളില്‍ നിന്നും കോഴ വാങ്ങുന്നതിനാണ് സര്‍ക്കാര്‍ 418 ബാറുകള്‍ പൂട്ടിയത്. കെ എം
മാണി ഒരു കോടിയും കെ ബാബു 10 കോടിയും വാങ്ങിയതായി ഇതിനോടകം വെളിപ്പെട്ടുകഴിഞ്ഞു. കോണ്‍ഗ്രസ് ഗ്രൂപ്പിസത്തിന്റെ ഭാഗമായി ഇതിനിടെയുണ്ടായ വി എം സുധീരന്റെ ഇടപെടലാണ് ഉമ്മന്‍ ചാണ്ടിയുടെ നാടകം പൊളിച്ചത്.

സുപ്രീം കോടതിയില്‍ നിന്നും ബാര്‍ ഉടമകള്‍ക്ക് അനുകൂല വിധിയുണ്ടാകുമെന്നും കോടതിയുടെ തലയില്‍ കുറ്റം കെട്ടിവെച്ച് ബാര്‍ തുറന്നുകൊടുക്കാമെന്നുമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതീക്ഷ.

എന്നാല്‍ വിധി എതിരായത് സര്‍ക്കാരിന്റെ പ്രതീക്ഷകള്‍ തകിടം മറിച്ചുവെന്നും ഇതിന്റെ ജാള്യത മറയ്ക്കാനാണ് സി പി എമ്മിന് മദ്യനയമില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെ കണ്ടെത്തലെന്നും കോടിയേരി പറഞ്ഞു.