പത്താന്‍കോട്ട്‌ ഭീകരാക്രമണത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി എം.ബി രാജേഷ് എം.പി

single-img
7 January 2016

15-mb-rajesh

പഞ്ചാബിലെ പത്താൻകോട്ട് വ്യോമതാവളത്തിന് നേരെ നടന്ന ആക്രമണത്തിൽ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ നടപടികൾക്കെതിരെ ചോദ്യങ്ങൾ ഉന്നയിച്ച് എം.ബി രാജേഷ് എം.പി.ദേശിയ മാധ്യമങ്ങളും മുന്‍ സൈനിക മേധാവികളുള്‍പ്പെടെയുള്ളവരും വിമർശനമുന്നയിച്ചത് ചൂണ്ടിക്കാട്ടിയാണു എം.ബി രാജേഷ് സർക്കാരിനെതിരെ ചോദ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

എം.ബി രാജേഷ് ഉന്നയിച്ചിരിക്കുന്ന ചോദ്യങ്ങൾ ഇവയാണു

suspicious-man-in-army-uniform-in-gurdaspur-after-pathankot-terror-attack-568d396832ec2_exlst

[quote arrow=”yes”]1. പത്താന്‍ കോട്ടില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന വിദേശ ഇന്‍റലിജന്‍സ് ഏജന്‍സിയുടെ മുന്നറിയിപ്പ് ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങള്‍ (ഉദാ.ഹിന്ദു) പ്രസിദ്ധീകരിച്ചിരുന്നു.എന്നിട്ട് പോലും സുരക്ഷാ നടപടികള്‍ വര്‍ദ്ധിപ്പിക്കാതിരുന്നത് എന്തുകൊണ്ട്?
2. എസ്.പി.യുടെ വാഹനം ഭീകരര്‍ തട്ടിയെടുത്തെന്ന് തിരിച്ചറിഞ്ഞ ശേഷവും എന്തുകൊണ്ട് ജാഗ്രത പാലിക്കാനും വ്യോമസേനാതാവളത്തിന്‍റെ സുരക്ഷ കൂട്ടാനും തയ്യാറായില്ല? ഇരുപത് മണിക്കൂര്‍ സമയം എന്തു ചെയ്യുകയായിരുന്നു? വിരമിച്ച സൈനികര്‍ മാത്രമടങ്ങിയ ഡിഫന്‍സ് സെക്യൂരിറ്റി കോറിനെ മാത്രം വ്യോമസേനാതാവളത്തിന്റെ സുരക്ഷക്ക് ആശ്രയിച്ചതിന് എന്തു ന്യായീകരണം?
3. ഭീകരര്‍ പത്താന്‍കോട്ടില്‍ കയറിയതിന്‍റെ വ്യക്തമായ ഇന്‍റലിജന്‍സ് വിവരം വെള്ളിയാഴ്ച ഉച്ചക്ക് തന്നെ ലഭിച്ചിട്ടും വ്യോമസേനാതാവളത്തില്‍ കയറുന്നത് തടയാനാവാത്ത ഗുരുതര വീഴ്ചക്ക് ഉത്തരവാദി ആര്?
4. ഭീകരരെ നേരിടാന്‍ തൊട്ടടുത്ത് ഭീകരവിരുദ്ധ ഓപ്പറേഷന് വൈദഗ്ദ്ധ്യമുള്ളവരും വ്യോമസേനാതാവളം നല്ല പരിചയമുള്ളവരുമായ കരസേന വിഭാഗമുണ്ടായിട്ടും ഡെല്‍ഹിയില്‍ നിന്ന് എന്‍.എസ്.ജി.കമാന്‍ഡോകളെ അയച്ചതിന്റെ യുക്തി എന്താണ്?
5.എന്‍.എസ്.ജി.കമാന്‍ഡോകള്‍ക്ക് ബുള്ളറ്റ് പ്രൂഫ് ബോംബ് ജാക്കറ്റ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പ് വരുത്താത്തതിന്റെ ഉത്തരവാദികള്‍ ആരാണ്?
6. ജൂണ്‍ മാസത്തില്‍ അതിര്‍ത്തി വഴി നുഴഞ്ഞു കയറിയ ഭീകരര്‍ ഗുരുദാസ്പൂര്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് എസ്.പി.യടക്കം പൊലീസുകാരെ കൊലപ്പെടുത്തിയിരുന്നല്ലോ. അതിനു ശേഷവും അതിര്‍ത്തിയില്‍ സുരക്ഷാ വീഴ്ച ആവര്‍ത്തിച്ചതിനും വീണ്ടും ഭീകരര്‍ നുഴഞ്ഞു കയറിയതിനും ആര് സമാധാനം പറയും? \
7. പത്താന്‍കോട്ട് ഓപ്പറേഷന്‍ ഏകോപിപ്പിക്കുന്നതിലുണ്ടായ പരാജയത്തിന് ആര്‍ക്കാണ് ഉത്തരവാദിത്തം? ഓപ്പറേഷന്‍ അവസാനിച്ചുവെന്നും എല്ലാ ഭീകരരെയും തുരത്തിയെന്നും ആഭ്യന്തരമന്ത്രി പത്രസമ്മേളനം നടത്തി പറഞ്ഞ് മണിക്കൂറുകള്‍ക്കകം അത് തിരുത്തേണ്ടിവന്നതും ഓപ്പറേഷന്‍ തുടരുന്നുവെന്ന് പറയേണ്ടി വന്നതും ഏകോപനമില്ലായ്മയുടെ തെളിവല്ലേ?
8. ഓപ്പറേഷന്‍ നടന്ന 38 മണിക്കൂറില്‍ ഒരിക്കല്‍ പോലും സുരക്ഷാ കാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി (CCSA) ചേരാത്തതിന് എന്താണ് ന്യായീകരണം? അടിയന്തിര സാഹചര്യത്തില്‍ പോലും കൂടാതിരിക്കുക വഴി ഈ ഉന്നതസമിതിയെ നോക്കുകുത്തിയാക്കുകയല്ലേ ചെയ്യുന്നത്?
9. ഓപ്പറേഷന്‍ പൂര്‍ണ്ണമായും അവസാനിച്ചുവെന്ന് പ്രതിരോധ മന്ത്രി രണ്ടാമതും പ്രഖ്യാപിച്ച ശേഷവും പത്താന്‍ കോട്ടില്‍ കൂടുതല്‍ ഭീകരര്‍ ഉണ്ടാകുമെന്ന ഇന്നലത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നതെന്താണ്? ഭീകരാക്രമണം സംബന്ധിച്ച തികഞ്ഞ അവ്യക്തത തുടരുന്നുവെന്നല്ലേ?
10. അതിര്‍ത്തിക്കപ്പുറത്ത് നിന്നുള്ള ഭീകരാക്രമണങ്ങള്‍ തുടര്‍ച്ചയായി സംഭവിക്കുമ്പോള്‍ അതിനെ നേരിടാനുള്ള തയ്യാറെടുപ്പ് നടത്തുന്നതില്‍ വീഴ്ച ആവര്‍ത്തിക്കുന്നതിന് ആര്‍ക്കാണ് ഉത്തരവാദിത്തം? ദേശസുരക്ഷയുടെ കാര്യത്തില്‍ പൊള്ളയായ അവകാശ വാദങ്ങള്‍ക്കപ്പുറം എന്ത് ഗ്യാരണ്ടിയാണുള്ളത്?[/quote]

നേരത്തെ ത്താന്‍കോട്ട്‌ ഭീകരാക്രമണത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ പാളിച്ചകള്‍ ചൂണ്ടിക്കാണിക്കുകയും സര്‍ക്കാര്‍ നിരുത്തരവാദപരമായി പെരുമാറിയെന്ന്‌ തുറന്നടിക്കുകയും ചെയ്‌ത പ്രമുഖ ദേശിയ മാധ്യമമായ എന്‍.ഡി.ടി.വി അടച്ചുപുട്ടണമെന്ന്‌ ആവശ്യപ്പെട്ട്‌ “മോദി ഭക്തർ” രംഗത്ത് വന്നിരുന്നു.