പാലിയേക്കര ടോളില്‍ ജനങ്ങളെ പിഴിയാന്‍ ടോള്‍ പിരിക്കുന്ന കമ്പനിയ്ക്കായ് ഡിവൈഎസ്പിയുടെ ആത്മാര്‍ത്ഥ സേവനം; ടോള്‍ പ്ലാസയുടെ സമാന്തര പാതയിലൂടെ ഉള്ള യാത്രക്കാര്‍ക്ക് പോലീസിന്റെ ഭീഷണിയ്ക്ക് ദൃശ്യങ്ങള്‍ തെളിവ്

single-img
11 January 2016

Pic Wideതൃശ്ശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയുടെ സമാന്തര പാതയിലൂടെ ഉള്ള യാത്രക്കാര്‍ക്ക് പോലീസിന്റെ ഭീഷണി. ചാലക്കുടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ തന്നെയും കുടുംബത്തെയും രാത്രിയില്‍ തടഞ്ഞ് വാഹന രേഖകള്‍ പിടിച്ചെടുത്തെന്ന് ഒറ്റപ്പാലം സ്വദേശി പരാതിപ്പെട്ടു.ടോള്‍ ബ്രേക്കറുകള്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ല എന്നിരിക്കെയാണ് ടോള്‍ പിരിക്കുന്ന കമ്പനിയെ സഹായിക്കാനുള്ള പോലീസിന്റെ ശ്രമം

പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമാന്തരമായുള്ള പഞ്ചായത്ത് റോഡിലൂടെ പോകുന്ന വാഹനങ്ങളെ ചാലക്കുടി ഡിവൈഎസ്പി കെ.കെ രവീന്ദ്രന്‍ നേരിട്ടെത്തി വാഹനത്തിന്റെ രേഖകള്‍ എടുത്തുകൊണ്ടു പോകും.സംഭവത്തിന്റെ വീഡിയോ ഹരിറാം ഫോണില്‍ പകര്‍ത്തിയത് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിൽ ചര്‍ച്ചയായിട്ടുണ്ട്.

മഫ്തിയിലെത്തിയാണ് ചാലക്കുടി ഡി.വൈ.എസ്.പി സി.കെ രവീന്ദ്രനും സംഘവും ഹരിറാമിനെയും ഭാര്യയെയും കൈക്കുഞ്ഞിനെയും തടഞ്ഞത്. പൊലീസ് നടപടിയെ ഹരിറാം ചോദ്യം ചെയ്തതോടെ യഥാര്‍ത്ഥ പകര്‍പ്പാവശ്യപ്പെട്ട് പോലീസ് ആര്‍.സി ബുക്ക് വാങ്ങിവച്ചു.
സംഭവം വിവാദമായതോടെ പിന്നീട് ഒത്തുതീര്‍പ്പിനും ഡി.വൈ.എസ്.പി ശ്രമിച്ചു. രാത്രി ആളൊഴിഞ്ഞ സ്ഥലത്തെത്താനും പിടിച്ചെടുത്ത രേഖകള്‍ മടക്കി നല്‍കാമെന്നും ഹരിറാമിനെ ഡി.വൈ.എസ്.പി അറിയിച്ചു. ഇത് പ്രകാരം സ്ഥലത്ത് ഡിഎൈസ്പി എത്തിയെങ്കിലും മാധ്യമശ്രദ്ധ തിരിച്ചറിഞ്ഞ് ഡിഎൈസ്പി മടങ്ങി.

ജനങ്ങളോട് സഭ്യമായി പെരുമാറണമെന്ന ഡിജിപിയുടെ സര്‍ക്കുലര്‍ നിലനിൽക്കേയാണു ടോള്‍ പിരിക്കുന്ന കമ്പനിയെ സഹായിക്കാനായി പൊതുജനങ്ങളെ ഭീഷണിപ്പെടുത്തിയും അസഭ്യം പറഞ്ഞുമുള്ള പോലീസ് നടപടി.

ഡി.വൈ.എസ്.പി സി.കെ രവീന്ദ്രനും സംഘവും ഹരിറാമിനെയും ഭാര്യയെയും കൈക്കുഞ്ഞിനെയും തടഞ്ഞതും അസഭ്യം പറഞ്ഞതും അടക്കമുള്ള തെളിവുകള്‍ക്കൊപ്പം ഹരിറാം ഡിജിപി ടി.പി. സെന്‍കുമാറിന് പരാതി നല്‍കിയിട്ടുണ്ട്.

എന്നാല്‍ ആയുധങ്ങളുമായി പാലിയേക്കര ടോള്‍ പ്ലാസയുടെ സമാന്തര പാതയിലൂടെ ഒരു വാഹനം വരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്നും ടോള്‍ കമ്പനിക്ക് വേണ്ടി സംസാരിച്ചിട്ടില്ലെന്നും ഡി.വൈ.എസ്.പി പറഞ്ഞു.

 

[mom_video type=”youtube” id=”RehsBm9KVlc”]