രോഹിത് വെമുലയുടെ മരണം:രാജ്യവ്യാപകമായി വിദ്യാർഥികൾ പ്രതിഷേധത്തിൽ,രാഹുൽ ഗാന്ധി ഇന്ന് രോഹിതിന്റെ വീട് സന്ദർശിക്കും

single-img
19 January 2016

hrd-protest-story_647_011816073628ദളിത് വിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം .ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് നടത്തിയ പ്രകോപനപരമായ ഇടപെടലില്‍ പ്രധിഷേധക്കാരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. പെണ്‍കുട്ടികളെയടക്കം റോഡില്‍ വലിച്ചിഴച്ചു. പ്രതിഷേധക്കാരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി

വിദ്യാര്‍ഥികള്‍ ഹൈദരാബാദിലും പ്രകടനം നടത്തി. ഹൈദരാബാദ് യൂനിവേഴ്സിറ്റി കാമ്പസില്‍ നാടകീയമായ രംഗങ്ങളാണ് തിങ്കളാഴ്ച അരങ്ങേറിയത്. ഇന്‍ക്വസ്റ്റ് തയാറാക്കാനായി വന്ന പൊലീസിനെ തടഞ്ഞ വിദ്യാര്‍ഥികള്‍ മൃതദേഹം ഹോസ്റ്റല്‍ മുറിയില്‍നിന്ന് പുറത്തെടുക്കാന്‍ അനുവദിക്കാതെ താഴിട്ട് പൂട്ടി. രോഹിതിന് നീതി ഉറപ്പാക്കിയ ശേഷമേ മൃതദേഹം കൊണ്ടുപോകാന്‍ അനുവദിക്കൂ എന്നായിരുന്നു വിദ്യാര്‍ഥികളുടെ വാദം. ഒടുവില്‍, ബലം പ്രയോഗിച്ച് ഹോസ്റ്റല്‍ മുറിയില്‍ കടന്നാണ് പൊലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയത്.

മുംബൈയിലും പ്രതിഷേധമുണ്ടായി. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് (ടിസ്) വിദ്യാര്‍ഥികളാണ് പഠിപ്പുമുടക്കി പ്രതിഷേധിച്ചത്. കോളജ് യൂനിയന്‍, പ്രോഗ്രസിവ് സ്റ്റുഡന്‍റ്സ് ഫോറം, അംബേദ്കര്‍ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍, റാഡിക്കല്‍ സ്റ്റഡി സര്‍ക്ള്‍ എന്നിവയുടെ നേതൃത്വത്തിലുള്ള സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും കോട്ടയം എം.ജി സര്‍വകലാശാലയിലും കൊച്ചി, കോഴിക്കോട് നഗരങ്ങളിലും പ്രതിഷേധം നടന്നു.

UoHഅതേസമയം കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് ഹൈദ്രാബാദ് യൂണിവേഴ്സിറ്റി സന്ദർശിക്കും.ഉച്ചയ്ക്കു 12 ന് കാമ്പസിലെത്തുന്ന രാഹുല്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തും.വിദ്യാര്‍ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിയായ ബന്ദാരു ദത്താത്ത്രേയയ്ക്കും വൈസ് ചാന്‍സിലര്‍ അപ്പ റാവുവിനെയും പുറത്താക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

നേരത്തെ ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിയായ ബന്ദാരു ദത്താത്ത്രേയയ്ക്കും വൈസ് ചാന്‍സിലര്‍ അപ്പ റാവുവിനുമെതിരെ പ്രേരണാക്കുറ്റത്തിന് പോലീസ് കേസെടുത്തു. എ.ബി.വി.പി പ്രവര്‍ത്തകരെ ആക്രമിച്ചു എന്ന പരാതിയില്‍ കഴിഞ്ഞ കൊല്ലമാണ് രോഹിത് ഉള്‍പ്പെടെയുള്ള അഞ്ച് ദളിത് വിദ്യാര്‍ഥികളെ കോളേജില്‍ നിന്ന് പുറത്താക്കിയത്. തുടര്‍ന്ന് ഇവര്‍ക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട്, കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് ദത്താത്ത്രേയ കത്തയക്കുകയും ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

എ.ബി.വി.പി പ്രവര്‍ത്തകരായ സുശീല്‍കുമാര്‍, വിഷ്ണു എന്നിവര്‍ക്കെതിരെയും കേസുണ്ട്. സംഭവത്തില്‍ അന്വേഷണത്തിനായി മാനവവിഭവശേഷി മന്ത്രാലയം രണ്ടംഗ പാനലിനെ നിയമിച്ചിട്ടുണ്ട്. എസ്.സി/ എസ്.ടി ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.