വെടിക്കെട്ട് ദുരന്തത്തിന് ഇടയാക്കിയത് പോലീസിന്റെ അനാസ്ഥ;അനുമതി നിഷേധിച്ച കമ്പ വെടിക്കെട്ടിന് പോലീസ് എങ്ങനെയാണ് അനുമതി നല്‍കിയതെന്ന് കളക്ടര്‍ എ ഷൈനമോള്‍

single-img
11 April 2016

screen-11.19.35[11.04.2016]

പറവൂര്‍ ക്ഷേത്രത്തിലെ വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ട് പോലീസിനെതിരെ ആഞ്ഞടിച്ച് കൊല്ലം ജില്ലാ കളക്ടര്‍ ഷൈന മോള്‍.കളക്ടര്‍ അനുമതി നിഷേധിച്ച കമ്പ വെടിക്കെട്ടിന് പോലീസ് എങ്ങനെയാണ് അനുമതി നല്‍കിയതെന്ന് കളക്ടര്‍ എ ഷൈനമോള്‍ ചോദിച്ചു.പറവൂര്‍ ക്ഷേത്രത്തില്‍ സ്ഥലപരിമതി ഉണ്ടെന്നും വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കാന്‍ പാടില്ലെന്നും കാണിച്ചുള്ള പോലീസിന്റെ റിപ്പോര്‍ട്ട് ആറാം തിയതി ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്ന് തന്നെ അനുമതി നിഷേധിച്ച് റിപ്പോര്‍ട്ട് ഇറക്കി.കൃത്യമായ റിപ്പോര്‍ട്ടാണ് എ.ഡി.എം നല്‍കിയത്.

എന്നാല്‍, രണ്ടു ദിവസങ്ങള്‍ക്കകം വെടിക്കെട്ട് നടത്താന്‍ അനുവദിക്കുന്നതില്‍ തെറ്റില്ലെന്ന് പോലീസ് മറ്റൊരു റിപ്പോര്‍ട്ട് നല്‍കി. രണ്ടു ദിവസങ്ങള്‍ക്കകം കാര്യങ്ങളില്‍ എങ്ങനെ മാറ്റമുണ്ടായി എന്നതറിയാത്തതിനാല്‍ നിരോധനവുമായി മുന്നോട്ടു പോവാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് കളക്ടര്‍ പറഞ്ഞു. പോലീസ് റിപ്പോര്‍ട്ട് എങ്ങനെ തിരുത്തി എന്നതിന് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും ഷൈനമോള്‍ പറഞ്ഞു.

കളക്ടറുടെ ഉത്തരവ് നടപ്പാക്കേണ്ടത് പോലീസാസ്. എന്ത് സമ്മര്‍ദ്ദം വന്നാലും പോലീസ് അത് നടപ്പാക്കേണ്ടിയിരുന്നു. സമ്മര്‍ദ്ദത്തെ അതിജീവിച്ച് പോലീസ് തീരുമാനം നടപ്പാക്കേണ്ടിയിരുന്നു. എന്നാല്‍ അത് ഉണ്ടായില്ല. ക്ഷേത്രത്തില്‍ മത്സരക്കമ്പം നടക്കുമ്പോള്‍ വലിയൊരുപോലീസ് സേന അവിടെ ഉണ്ട്. എന്നിട്ടുപോലും അത് അവസാനിപ്പിക്കാന്‍ പോലീസിന്‌സാധിച്ചില്ല. ഉത്തരവ് നടപ്പാക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടതാണ് വലിയ അപകടത്തിലേക്ക് നയിച്ചത്. പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ ഈ വലിയവീഴ്ചയില്‍ ജില്ലാ ഭരണകൂടത്തെ കുറ്റപ്പെടുത്തത് എന്തടിസ്ഥാനത്തിലാണെന്നും കളക്ടർ ചോദിച്ചു