ബുര്‍ജ് ഖലീഫയെ പിന്നിലാക്കി ആകാശം മുട്ടാന്‍ ഇനി ദ ടവര്‍ വരുന്നു

single-img
11 April 2016

2b1cfec4d1af62f9_The_Tower_at_Dubai_Creek_Harbour.xxxlargeലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയെയും മറികടക്കാന്‍ പുതിയ ആകാശഗോപുരം ദ ടവര്‍ വരുന്നു. ദുബായിയിലെ ബുര്‍ജ് ഖലീഫയെയും പിന്നിലാക്കുന്ന ദ ടവര്‍ ദുബായില്‍ത്തന്നെയാണ് നിര്‍മ്മിക്കുക.
സ്പാനിഷ്-സ്വിസ് ആര്‍ക്കിടെക്റ്റായ സാന്‍ഡിയാഗോ കലത്രവാ വാള്‍സ് ആണ് കെട്ടിടം രൂപകല്പന ചെയ്യുന്നത്. ദുബായ് ക്രീക്ക് ഹാര്‍ബറില്‍ ലില്ലിപ്പൂമൊട്ടിന്റെ ആകൃതിയില്‍ പണികഴിപ്പിക്കുന്ന കെട്ടിടത്തിന്റെ വിസ്തൃതി ആറു ചതുരശ്ര കി.മീ. ആയിരിക്കും. കെട്ടിടത്തിന്റെ ഉയരം ഉദ്ഘാടനവേളയിലായിരിക്കും കൃത്യമായി പ്രഖ്യാപിക്കുകയെന്ന് നിര്‍മാണച്ചുമതലയേറ്റെടുത്തിരിക്കുന്ന എമാര്‍ പ്രോപ്പര്‍ട്ടി ഡെവലേപ്പേഴ്‌സിന്റെ ചെയര്‍മാന്‍ മുഹമ്മദ് അല്‍ അബാര്‍ അറിയിച്ചു. 2010-ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ബുര്‍ജ് ഖലീഫയുടെ ഉയരം 828 മീറ്റര്‍ ആയിരുന്നു.

 
ആഡംബര റസ്റ്റോറന്റുകളും ബ്യൂട്ടിപാര്‍ലറുകളുമെല്ലാം ഉള്‍ക്കൊള്ളുന്നതാകും കെട്ടിടം. നഗരത്തിന്റെ പാരമ്പര്യത്തിനും സംസ്‌കാരത്തിനും അനുയോജ്യമായ തരത്തിലുള്ളതായിരിക്കും ദ ടവര്‍. 2020-ല്‍ ദുബായ് വേള്‍ഡ്-എക്‌സ്‌പോയ്ക്ക് ആതിഥേയത്വമൊരുക്കുന്നതിനൊപ്പം രാജ്യത്തിന് ദ ടവറും സമ്മാനിക്കാനാകുമെന്നാണ് നിര്‍മാതാക്കള്‍ കണക്കുകൂട്ടുന്നത്.
സൗദിഅറേബ്യയും ദുബായും തമ്മില്‍ ആകാശസൗധങ്ങളുടെ നിര്‍മ്മാണത്തില്‍ വമ്പന്‍ മത്സരമാണ് നിലനില്‍ക്കുന്നത്. സൗദി അറേബ്യ, ജിദ്ദയില്‍ ബുര്‍ജ് ഖലീഫയെ മറികടക്കുന്ന ലോകത്തെ ഏറ്റവുമുയരം കൂടിയ കെട്ടിടം 2019-ല്‍ ഉദ്ഘാടനം ചെയ്യുമെന്ന് തീരുമാനിച്ചിരിക്കെയാണ് അതിനെ മറികടക്കുവാന്‍ ദുബായുടെ പുതിയ പ്രഖ്യാപനം.