ഈ എൺപതുകാരി ഒറ്റയ്ക്ക് പോരാടിയത് വൻ ദുരന്തം ഒഴിവാക്കാൻ

single-img
11 April 2016
Pankajakshi

പങ്കജാക്ഷി കേടുപാടുകൾ സംഭവിച്ച വീടിനു മുന്നിൽ Image courtesy:thenewsminute.com

പരവൂര്‍ പുറ്റിംഗല്‍ ദേവീക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ കത്തിയമര്‍ന്നത് 107 ജീവന്‍. ഒരു മതിലിനപ്പുറം നൂറുകണക്കിനാളുകള്‍ പൊള്ളലേറ്റും കോണ്‍ക്രിറ്റ് കഷ്ണങ്ങള്‍ പതിച്ചും, ചവിട്ടേറ്റും മരിച്ചു വീഴുമ്പോള്‍ പങ്കജാക്ഷിയും സാക്ഷിയായിരുന്നു. പരുക്കേറ്റ ആയിരങ്ങളുടെ നിലവിളിയില്‍ നിന്നും 80കാരിയായ പങ്കജാക്ഷി ഇപ്പോഴും മുക്തയായിട്ടില്ല.

വരാനിരുന്ന ദുരന്തം തടയാനായിരുന്നു പരവൂര്‍ കുറുമണ്ടല്‍ പങ്കജാക്ഷി ഒറ്റയ്ക്ക് പോരാടിയിരുന്നു.വെടിക്കെട്ടിനിടെ ഉണ്ടായേക്കാവുന്ന ദുരന്തം ഭയന്നാണ് ഇത്തവണ പങ്കജാക്ഷിയുടെ പേരില്‍ കളക്ടര്‍ക്ക് പരാതി നല്‍കിയത്. മത്സരക്കമ്പത്തിന്റെ ഭീതി ഒഴിവാക്കണമെന്നതായിരുന്നു ഇവരുടെ അഭ്യര്‍ഥന. മകള്‍ക്കും മരുമകനുമൊപ്പം താമസിക്കുന്ന പങ്കജാക്ഷി ഹൃദ്രോഗി കൂടിയാണ്.

ജില്ലാ കലക്റ്റര്‍ പരാതി തഹസില്‍ദാര്‍ക്കു ഫോര്‍വേഡ് ചെയ്തു. തഹസില്‍ദാരുടെ നിര്‍ദേശം അനുസരിച്ചു മൂന്നാം തിയതി വില്ലെജ് ഒഫീസര്‍ വീട്ടിലെത്തി പങ്കജാക്ഷിയുടെ മൊഴിയെടുത്തു. എന്നാല്‍ ഇതിനു ശേഷം എന്താണുണ്ടായതെന്നു പങ്കജാക്ഷിക്കും കുടംുബത്തിനും വ്യക്തതയില്ല. മത്സരക്കമ്പത്തിനു സ്റ്റേ ഉണ്ടെന്ന് എല്ലാവരും പറയുന്നു എന്നാല്‍ തന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ മ്ത്സരക്കമ്പം സ്റ്റേ ചെയ്തതായി കാണിച്ച് ഒരറിയിപ്പും ലഭിച്ചിട്ടില്ല.

കമ്പപ്പുരയും വീടും തമ്മില്‍ വലിയ ദൂരമില്ല. മൈതാനത്തോട് ചേര്‍ന്നുള്ള വീടിന്റെ പടിഞ്ഞാറേ ഭിത്തിയിലേക്ക് കമ്പപ്പുരയുടെ കൂറ്റന്‍ കോണ്‍ക്രീറ്റ് ബീം വന്നിടിക്കുകയായിരുന്നു. ഇതോടെ വീടാകെ തകര്‍ന്നുവീണു. മേല്‍ക്കൂരയിലെ സീലിങ് ഇളകിവീണു. ഈ വീടിപ്പോള്‍ ഉപയോഗശൂന്യമായെന്ന് മകന്‍ പ്രകാശ് പറഞ്ഞു. പ്രകാശും ഭാര്യ അനിതയും ലണ്ടനിലാണ് താമസം. എല്ലാ വര്‍ഷവും ഉത്സവത്തിനായി ഇവര്‍ നാട്ടിലെത്തും. കമ്പം നടക്കുമ്പോള്‍ കുറച്ചകലെയുള്ള ഔട്ട് ഹൗസിലേക്ക് ഇവര്‍ മാറും. ഇത്തവണയും പതിവ് തെറ്റാത്തതിനാല്‍ ആര്‍ക്കും അപകടം ഉണ്ടായില്ല.

കമ്പം വേണ്ടെന്നുവെയ്ക്കണമെന്നു പരാതിയില്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും പങ്കജാക്ഷി പറയുന്നു. കമ്പത്തിന്‍റെ സ്ഫോടനശേഷിയും ശബ്ദവും കുറയ്ക്കണം എന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ കമ്പം സ്റ്റേ ചെയ്തെന്ന് എല്ലാവരും പറഞ്ഞു. ഇതിനെത്തുടര്‍ന്നു മൂന്നു മണിവരെ കമ്പം ഇല്ലെന്നുതന്നെയാണു വിചാരിച്ചിരുന്നതെന്നു പങ്കജാക്ഷിയുടെ മരുമകന്‍ പ്രകാശന്‍േ പറയുന്നു. എന്നാല്‍ മൂന്നു മണിയോടെ പ്രദര്‍ശന കമ്പം സംബന്ധിച്ച അറിയിപ്പുവന്നു.
ഇതിനു പിന്നാലെ നാട്ടുകാരില്‍ ചിലര്‍ ഗേറ്റിനുമുന്നില്‍ കൂടിനിന്നും കൂക്കിവിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. ഉത്സവത്തിനെത്തുന്നവര്‍ക്കു കുടിവെള്ളം നല്‍കാന്‍ വീടിനു മുന്നില്‍ സജ്ജീകരണം ഒരുക്കിയിരുന്നു. അതും തകര്‍ത്തതായി പ്രകാശന്‍ പറഞ്ഞു.