കിലോമീറ്ററുകളോളം വെള്ളം തേടി ഗര്‍ഭിണികളും കുട്ടികളും അലയുന്നു; തെലങ്കാന കരിഞ്ഞുണങ്ങുന്നു

single-img
12 April 2016

nalgonda-women-drought-story-650-2_650x400_8146038436420 കിലോയിലധികം ഭാരം വരുന്ന വെള്ളംനിറച്ച കുടവുമായി കിലോമീറ്ററുകളോളം നടക്കുന്ന ഗര്‍ഭിണികള്‍ തെലങ്കാനയിലെ നല്‍ഗൊണ്ട ഉള്‍പ്പെടെയുള്ള ഗ്രാമത്തിലെ പതിവുകാഴ്ചയാണ്. ഡോക്ടര്‍ കര്‍ശനമായി വിലക്കിയിട്ടും വീട്ടില്‍ വെള്ളമെത്തിക്കണമെങ്കില്‍ വേറെ വഴിയില്ലാത്തതിനാല്‍ അവര്‍ ഡോക്ടറുടെ നിര്‍ദ്ദേശങ്ങളെ അവഗണിക്കുന്നു.
‘അമ്മായിയമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ വെള്ളം ചുമക്കാതെ വേറെ വഴിയില്ല’, നാലു മാസം ഗര്‍ഭിണിയായ അരുണ(22) മൂത്ത കുട്ടിയെ അരയിലും വെള്ളം നിറച്ച രണ്ടു കുടങ്ങള്‍ തലയിലും വെച്ചുകൊണ്ട് പറയുന്നു. ചെറുപ്രായത്തിലേ വിവാഹിതയായ അരുണയ്ക്ക് ഒരു ഗര്‍ഭമലസലും കഴിഞ്ഞതേയുള്ളു.
നല്‍ഗൊണ്ടയിലെ സ്ത്രീകള്‍ക്ക് ദിവസത്തെ രാവെന്നോ പകലെന്നോ വേര്‍തിരിക്കാനാവില്ല. രാത്രിയേറെ ചെന്നും അടുക്കളജോലികള്‍ തീര്‍ത്തശേഷം കിഴക്ക് വെള്ള കീറുമ്പോള്‍ അവര്‍ കൂട്ടമായി വെള്ളം തേടിയിറങ്ങും. കണ്ണെത്താത്തവിധം ആഴമുളള കിണറുകളില്‍ നിന്നും പമ്പ് ചെയ്താണ് വെള്ളം ടാപ്പിലെത്തിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ വൈദ്യുതി നിലച്ചാല്‍ അതും നടക്കില്ല. അതിനാല്‍ ടാപ്പിനു മുമ്പില്‍ സ്ത്രീകളുടെ അടിപിടി നിത്യസംഭവമാണ്.

എല്ലാവര്‍ക്കും ഒരേയൊരു പ്രാര്‍ത്ഥന മാത്രം; കുടം നിറയുന്നതു വരെ വൈദ്യുതി നിലയ്ക്കരുതേയെന്ന്.
നേരം പുലരുമ്പോള്‍ മുതല്‍ കുടങ്ങളുമായി സ്ത്രീകളിറങ്ങുന്നതോടെ കുട്ടികളുടെ പഠനവും അവതാളത്തിലായി. ഏഴും എട്ടും വയസുള്ള പെണ്‍കുട്ടികള്‍ വെള്ളം കോരി വേദനിക്കുന്ന തോളുകളോടെ ഇളയകുഞ്ഞുങ്ങളെയും പരിചരിച്ച് വീട്ടുജോലി ചെയ്യുന്നു. ഗ്രാമത്തില്‍ മിക്ക പെണ്‍കുട്ടികളും 15 വയസില്‍ തന്നെ വിവാഹിതരാകുന്നു. കുടുംബത്തില്‍ പുതിയ പെണ്ണിനെക്കൊണ്ടുവരുന്നതു തന്നെ വെള്ളം കോരാന്‍ ഒരാള്‍ ആയി എന്ന ആശ്വാസമാണ് വീട്ടുകാര്‍ക്ക്. ചെറുപ്രായത്തിലെയുള്ള വൈവാഹികജീവിതവും പ്രസവവും വിശ്രമമില്ലാത്ത വീട്ടുപണിയും ഗര്‍ഭമലസലും ഇവിടെ ഒട്ടേറെ സ്ത്രീകളുടെ ആരോഗ്യത്തെ സാരമായി ബാധിച്ചിരിക്കുന്നു. ഹോര്‍മോണ്‍ തകരാറും, വളരെ ചെറുപ്പത്തിലേതന്നെയുള്ള ഗര്‍ഭപാത്രം നീക്കം ചെയ്യലും, എല്ലുകള്‍ പൊടിയുന്ന രോഗവും ഒട്ടനവധിയാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
ഗ്രാമത്തിലെ മിക്ക പുരുഷന്മാരും നഗരപ്രാന്തങ്ങളിലേക്ക് തൊഴിലന്വേഷിച്ച് യാത്രയായി. പുല്ലുപോലും കരിഞ്ഞുണങ്ങിയതോടെ ആടുമാടുകളെ വളര്‍ത്താന്‍ നിവര്‍ത്തിയില്ലാത്ത ചിലര്‍ അവയെ അറവുശാലയിലേക്കു നയിക്കുന്നു.
നഗരങ്ങളില്‍ ജനങ്ങള്‍ കുടിവെള്ളത്തിനായി ടാങ്കര്‍ ലോറികളെയാണ് ആശ്രയിക്കുന്നത്. അമിതമായ ജലചൂഷണംകാരണം ഭൂഗര്‍ഭജലനിരപ്പ് ആശങ്കാജനകാം വിധം താഴുകയാണ്. മൂന്നും നാലും കിലോമീറ്ററുകള്‍ കന്നുകാലികളെയും കൊണ്ട് നടന്നാണ് അവയ്ക്ക് കുടിവെള്ളം കണ്ടെത്തുന്നത്. 2014-ല്‍ ആന്ധ്രയില്‍ നിന്നും വേര്‍പെട്ട് തെലങ്കാന രൂപീകരിക്കപ്പെട്ട ശേഷം ഏകദേശം 2100 കര്‍ഷകരാണ് ആത്മഹത്യചെയ്തത്്. അതേസമയം തെലങ്കാന ഉള്‍പ്പെടെയുള്ള വരള്‍ച്ചാബാധിത സംസ്ഥാനങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിപ്രകാരമുള്ള 150 തൊഴില്‍ദിനങ്ങള്‍കൂടാതെ 50 അധിക തൊഴില്‍ ദിനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ഗുജറാത്ത്, ഹരിയാന, ബിഹാര്‍, മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഒഡീഷ, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നിവയാണ് വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള സംസ്ഥാനങ്ങള്‍.