അക്കൗണ്ട് ഉടമ അറിയാതെ പണം എടുത്ത ബാങ്കിനു 14000 രൂപ പിഴ

single-img
13 April 2016

JanSuraksha_o1_english

അക്കൗണ്ട് ഉടമയുടെ അനുമതിയില്ലാതെ അവര്‍ നിക്ഷേപിച്ചിരിക്കുന്ന പണത്തില്‍ നിന്നും പണം പിടിച്ച ബാങ്കിനു 14000 രൂപ പിഴ.ഉപഭോക്തൃ കോടതിയാണു ബാങ്കിനെതിരെ പിഴ വിധിച്ചത്.പ്രധാനമന്ത്രി പ്രഖ്യാപിച്ച ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ജനങ്ങള്‍ ചേര്‍ന്നു എന്ന് വരുത്തി തീര്‍ക്കുവാനാണ് അവരുടെ അനുമിതയില്ലാതെ പണം പിടിച്ചത്.കാനറാ ബാങ്കിനോടാണു 14000 രൂപ പിഴ ഉപഭോക്താവിനു നൽകാനായി കോടതി ആവശ്യപ്പെട്ടത്.10000 രൂപ പിഴയും 4000 രുപ കോടതി ചെലവായും നൽകാനാണു വിധി.പ്രധാന്‍മന്ത്രി സുരക്ഷാ ബീമാ യോജനയ്ക്കായി 12 രൂപയാണു അനുമതി ഇല്ലാതെ ഇടാക്കിയത്.

പ്രധാന്‍മന്ത്രി സുരക്ഷാ ബീമാ യോജന പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചസമയത്ത് നല്ല ജനപങ്കാളിത്തം ലഭിക്കുമെന്നാണ് കരുതിയിരുന്നത്. 18നും 50നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് 330 രൂപ വാര്‍ഷിക പ്രീമിയത്തില്‍ രണ്ടുലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയും 18നും 70നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 12 രൂപ വാര്‍ഷിക പ്രീമിയത്തില്‍ രണ്ടു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കുന്നതാണ് പദ്ധതി. എന്നാല്‍ ഇന്ധന വില വര്‍ദ്ധനവും മറ്റും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായതോടെ പ്രതീക്ഷിച്ചതിനേക്കാള്‍ താഴെയുള്ള തണുത്ത പ്രതികരണമാണ് ഈ പദ്ധതിക്ക് ജനങ്ങളില്‍ നിന്നും ലഭിച്ചത്.

കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിച്ച പ്രതികരണം ലഭിക്കാതെ വന്ന സാഹചര്യത്തില്‍ കേന്ദ്രധനമന്ത്രാലയത്തിന്റെ കടുത്ത സമ്മര്‍ദ്ദം മൂലമാണു ബാങ്കുകൾ ഇത്തരത്തിലുള്ള ചട്ടവിരുദ്ധ നിലപാടുകള്‍ കൈക്കൊണ്ടത്.

പല അക്കൗണ്ട് ഉടമകളും തങ്ങളുടെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ട ശേഷമാണ് ഇത്തരത്തിലുള്ള ചതിയെപ്പറ്റി അറിഞ്ഞിരുന്നത്. ഇത് അന്വേഷിച്ചെത്തുന്ന അക്കൗണ്ട് ഉടമകളോട് ബാങ്ക് അധികൃതര്‍ തങ്ങളുടെ മുകളില്‍ നിന്നുള്ള ഉത്തരവാണിതെന്ന് പറഞ്ഞ് കൈമലര്‍ത്തുകയാണ് ചെയ്തിരുന്നത്.ഇതിനെതിരായാണു കാനറാ ബാങ്കിനെതിരെ അക്കൗണ്ട് ഉടമ ഉപഭോക്തൃ കോടതിയെ സമീപിച്ചത്