ശമ്പളമില്ലാതെ കെ.എസ്.ആർ.ടി.സി ജീവനക്കാർ;സമരം ശക്തമാകുന്നു,സമരത്തിൽ വലഞ്ഞ് പൊതുജനം

single-img
5 October 2016

bus_6

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ജീവനക്കാർ വീണ്ടും സമരത്തിലേക്ക്. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാരാണ് പ്രതിഷേധ പണിമുടക്ക് നടത്തുന്നത്. കൊല്ലം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലാണ് സമരം കൂടുതല്‍ ശക്തമായിരിക്കുന്നത്. കൊല്ലത്ത് ഇടതു തൊഴിലാളി സംഘടനയായ സി.ഐ.ടി.യു അടക്കമുള്ളവയാണ് സമരം നടത്തുന്നത്. താമരശേരിയില്‍ കോണ്‍ഗ്രസ് തൊഴിലാളി സംഘടന ഐ.എന്‍.ടി.യു.സിയാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്.പല ഡിപ്പോകളിലും രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ലാതെയുമാണു സമരം.

ജീവനക്കാര്‍ കൂട്ടത്തോടെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സര്‍വീസുകള്‍ മുടങ്ങി. ശമ്പളം ലഭിക്കാതെ സമരം പിന്‍വലിക്കില്ലെന്ന നിലപാടിലാണ് ജീവനക്കാര്‍. ദീര്‍ഘദൂര സര്‍വീസുകള്‍ മുടങ്ങിയത് യാത്രക്കാരെ വലച്ചു. ഇതേത്തുടര്‍ന്ന് മിക്ക ബസ് സ്റ്റാന്‍ഡുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

കടം നല്‍കുന്നതില്‍ നിന്ന് ധനകാര്യ സ്ഥാപനങ്ങള്‍ പിന്മാറിയതോടെയാണ് ശമ്പള വിതരണം നിലച്ചത്. തുടര്‍ന്ന് തിരുവനന്തപുരം, പാലക്കാട്, എറണാകുളം, കോഴിക്കോട്, സുല്‍ത്താന്‍ ബത്തേരി തുടങ്ങി 93 ല്‍ 61 ഡിപ്പോകളിലെ ജീവനക്കാര്‍ക്ക് മാത്രമാണ് ശമ്പളം നല്‍കിയത്. ഇന്ധനച്ചെലവും മറ്റു ചിലവിനായി മാറ്റി വെച്ച തുകയും ശമ്പള വിതരണത്തിനായിട്ടാണ് വിനിയോഗിച്ചത്.ഇന്നലെ മുഴുവന്‍ പേര്‍ക്കും ശമ്പളം നല്‍കുമെന്ന് അധികൃതര്‍ ഉറപ്പു പറഞ്ഞിരുന്നു. എന്നാല്‍ 59 കോടി വേണ്ടിടത്ത് 34 കോടിയേ കണ്ടെത്താനായുള്ളൂ. .ബാക്കി തുക എസ്.ബി.ടിയില്‍ നിന്ന് വായ്പയെടുക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.