സ്വയംഭരണ കോളേജുകളെക്കുറിച്ചുള്ള നയം: ഇടതുപക്ഷ നിലപാടുകളില്‍ നിന്നും വ്യതിചലിച്ച് സര്‍ക്കാര്‍

single-img
11 October 2016

 

sfiii

പ്രതിപക്ഷത്തിരുന്നപ്പോള്‍ സ്വയംഭരണ കോളേജുകള്‍ അനുവദിക്കുന്നതിനെതിരെ സമരം ചെയ്ത ഇടതുപക്ഷം അധികാരത്തിലേറിയപ്പോള്‍ നിലപാട് മാറ്റി. സംസ്ഥാനത്ത് സ്വയംഭരണ കോളേജുകള്‍ ആരംഭിക്കാന്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ടോയെന്ന ചോദ്യത്തിന് ഉണ്ട് എന്നും സ്വയംഭരണാവകാശം അനുവദിച്ച് കോളേജുകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുകയെന്നതാണ് പുതിയ സര്‍ക്കാരിന്റെ നയമെന്നുമായിരുന്നു വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന്റെ മറുപടി. ഈ മറുപടികളാണ് സിപിഎമ്മിന്റെ നിലപാട് മാറ്റങ്ങള്‍ക്കുള്ള ഏറ്റവും പുതിയ ഉദാഹരണം.

1

പതിനാലാം നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ പ്രതിപക്ഷ എംഎല്‍എമാരായ കെ സി ജോസഫ്, അനില്‍ അക്കര, ഷാഫി പറമ്പില്‍, വി പി സജീന്ദ്രന്‍ എന്നിവര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് സ്വയംഭരണ കോളേജുകളോടുള്ള സമീപനത്തില്‍ നിന്നും ഇടതുപക്ഷം വ്യതിചലിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയത്. എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന ചോദ്യത്തിന് സര്‍ക്കാരിന്റെ ഇടപെടല്‍ ഇല്ലാതെ, എന്നാല്‍ നിശ്ചിത മാനദണ്ഡങ്ങള്‍ പ്രകാരം മികച്ച നിലവാരമുള്ള കോളേജുകള്‍ക്ക് അക്കാഡമിക് സ്വയംഭരണാവകാശം അനുവദിച്ച് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കാനാണ് ഉദ്ദേശമെന്നും സ്വയംഭരണ പദവി ലഭിക്കുന്ന കോളേജുകള്‍ക്ക് പുതിയ കോഴ്‌സുകള്‍ തുടങ്ങാനും സിലബസ് രൂപവല്‍ക്കരിക്കാനും പരിഷ്‌കരിക്കാനും അധികാരമുണ്ടെന്നും വിദ്യാഭ്യാസ മന്ത്രിയുടെ മറുപടിയില്‍ വ്യക്തമാക്കുന്നു. ഇതിലൂടെ പ്രാദേശിക ആവശ്യങ്ങള്‍ക്കനുസരിച്ച് കാലാനുസൃതമായി നവീനമായ കോഴ്‌സുകള്‍ രൂപപ്പെടുത്തുന്നതിന് കോളേജുകള്‍ക്ക് കഴിയുമെന്നും പുതിയ സര്‍ക്കാരിന്റെ സ്വയംഭരണ കോളേജുകളെക്കുറിച്ചുള്ള നയം വ്യക്തമാക്കി മന്ത്രി വിശദീകരിക്കുന്നു.

5

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തെരഞ്ഞെടുക്കപ്പെട്ട കോളേജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കുന്ന നയം നടപ്പാക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, ഇടതുപക്ഷ അധ്യാപക സംഘടനയായ എകെപിസിടിഎ എന്നീ സംഘടനകള്‍ ശക്തമായ പ്രതിഷേധമാണ് നടത്തിയിരുന്നത്. നിയമസഭയില്‍ അടിയന്തര പ്രമേയം ഉള്‍പ്പെടെ മുന്നോട്ട് വച്ച് സിപിഎമ്മും ശക്തമായ പ്രതിഷേധമാണ് അന്നു നടത്തിയത്.

എറണാകുളം മഹാരാജസ് കോളേജിന്റെ മുന്നില്‍ എസ്എഫ്‌ഐയും എകെപിസിടിഎയും രാപ്പകല്‍ സമരം നടത്തുകയും ചെയ്തു. എന്നാല്‍ ഇതെല്ലാം മറന്നാണ് കോളേജുകള്‍ക്ക് സ്വയംഭരണ പദവി അനുവദക്കുന്നതിലെ നിലപാടില്‍ നിന്നും അധികാരത്തിലെത്തിയപ്പോള്‍ ഇടതുപക്ഷവും സിപിഎമ്മും വ്യതിചലിച്ചിരിക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ എറണാകുളം മഹാരാജസ് കോളേജിനും എയ്ഡഡ് തലത്തില്‍ പതിനെട്ട് കോളേജുകള്‍ക്കുമാണ് സ്വയംഭരണം അനുവദിച്ചിരിക്കുന്നതെന്നും മന്ത്രിയുടെ ഉത്തരത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ കോളേജുകളുടെ പേര് വിവരങ്ങള്‍ അനുബന്ധമായും ചേര്‍ത്തിട്ടുണ്ട്.

2

അതേസമയം ‘സര്‍വകലാശാലകളുടെ സ്വയംഭരണാവകാശം കവര്‍ന്നെടുക്കുകയും കോളേജുകള്‍ക്കെല്ലാം ഇഷ്ടംപോലെ പ്രവര്‍ത്തിക്കാനുള്ള സ്വയംഭരണാവകാശം നല്‍കുന്നതുമെല്ലാം കച്ചവടവല്‍ക്കരണത്തിന്റെ ഭാഗമാണ്. സ്വയംഭരണം കിട്ടുന്ന കോളേജുകള്‍ ആവശ്യക്കാര്‍ക്കെല്ലാം ബിരുദവും ഡോക്ടറേറ്റും നല്‍കി പണമുണ്ടാക്കുന്ന നിലവരും’ എന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറിയും അന്നത്തെ പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണന്‍ 2013 ജൂണ്‍ 14ന് എകെപിസിടിഎയുടെ നിയമസഭ മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിച്ചത്. സിപിഎം മുഖപത്രമായ ദേശാഭിമാനി വന്‍ പ്രാധാന്യത്തോടെ ചിത്രം സഹിതം ഈ പ്രസംഗം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

3 4

കൂടാതെ ‘സ്വയംഭരണ കോളേജുകള്‍ ആര്‍ക്ക്, എന്തിന്?’ എന്ന തലക്കെട്ടോടെ ദേശാഭിമാനി യുഡിഎഫ് സര്‍ക്കാരിന്റെ ഈ നീക്കത്തെ എതിര്‍ത്തുകൊണ്ട് മുഖപ്രസംഗവും എഴുതിയിരുന്നു. ‘കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ സ്വയംഭരണം അനുവദിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയുക തന്നെ വേണം’ എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ആ മുഖപ്രസംഗം അവസാനിക്കുന്നത് തന്നെ. അതേ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് സ്വയംഭരണ കോളേജുകള്‍ അനുവദിച്ച നീക്കവുമായി മുന്നോട്ട് പോകുന്നുവെന്ന് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഫലത്തില്‍ എല്‍ഡിഎഫ് വരുമ്പോള്‍ ‘എല്ലാം ശരിയാകും’ കോളേജുകള്‍ക്ക് സ്വയംഭരണം അനുവദിച്ച യുഡിഎഫ് സര്‍ക്കാരിന്റെ നടപടി റദ്ദാക്കും എന്നെല്ലാം പ്രതീക്ഷിച്ച് സമരം ചെയ്ത് പോലീസിന്റെ അടി വാങ്ങിയ പാവപ്പെട്ട വിദ്യാര്‍ത്ഥികളോട് ഇടതുപക്ഷം ചെയ്ത ഏറ്റവും വലിയ വഞ്ചനയായി മാറിയിരിക്കുകയാണ് സര്‍ക്കാരിന്റെ പുതിയ നയം.