പാംപോറില്‍ ഏറ്റുമുട്ടല്‍ അമ്പത് മണിക്കൂര്‍ പിന്നിട്ടു; രണ്ട് ഭീകരരെ വധിച്ചു; ഇനി ഒരാള്‍ കൂടി

single-img
12 October 2016
ഇന്ത്യന്‍ സൈന്യത്തന്റെ ഷെല്ലാക്രമണത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്ന ഏഴ് നില കെട്ടിടത്തിന് തീപിടിച്ചപ്പോള്‍

ഇന്ത്യന്‍ സൈന്യത്തന്റെ ഷെല്ലാക്രമണത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്ന ഏഴ് നില കെട്ടിടത്തിന് തീപിടിച്ചപ്പോള്‍

പാംപോറില്‍ സര്‍ക്കാര്‍ കെട്ടിടത്തില്‍ ഒളിച്ച ഭീകരര്‍ക്ക് നേരെയുള്ള ഏറ്റുമുട്ടല്‍ മൂന്നാം ദിവസവും തുടരുന്നു. അമ്പത് മണിക്കൂര്‍ പിന്നിട്ട ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിക്കാനായതായി സൈന്യം അറിയിച്ചു. ഒരാള്‍ കൂടി ഏഴു നിലയുള്ള കെട്ടിടത്തില്‍ ഒളിച്ചിരിപ്പുണ്ടെന്നാണ് സംശയിക്കുന്നത്.

തിങ്കളാഴ്ച രാവിലെ കെട്ടിടത്തിനുള്ളില്‍ ഒളിച്ച ഭീകരര്‍ രക്ഷപ്പെടാതിരിക്കാന്‍ ഈ കെട്ടിടം സൈന്യം വളഞ്ഞിരിക്കുകയായിരുന്നു. എന്നാല്‍ ശ്രീനഗറില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയുള്ള പാംപോറിലെ കെട്ടിടത്തിലേക്ക് ഇന്നലെ വൈകിട്ടോടെ സൈന്യം പ്രവേശിച്ചു. അങ്ങനെയാണ് രണ്ട് ഭീകരരെ വധിച്ചതെന്നാണ് അറിയുന്നത്. ഒരു ഭീകരനെ ഇന്നലെയും മറ്റൊരാളെ ഇന്ന് രാവിലെയുമായാണ് വധിച്ചത്. ഓന്‍ട്രപ്രനര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കെട്ടിടത്തില്‍ ഒരു ഭീകരന്‍ കൂടിയുണ്ടെന്ന നിഗമനത്തില്‍ സൈന്യം തിരച്ചില്‍ തുടരുകയാണ്.

ഇതുവരെ അമ്പതോളം റോക്കറ്റുകളും യന്ത്രതോക്കുകളും ഗ്രനേഡുകളുമാണ് ഭീകരര്‍ക്ക് നേരെ പ്രയോഗിച്ചത്. സൈന്യം കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിപ്പിച്ചപ്പോഴുണ്ടായ വെടിവയ്പ്പില്‍ ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്. കെട്ടിടത്തിനുള്ളില്‍ ബങ്കറിന് സമാനമായ സുരക്ഷയാണ് ഉള്ളതെന്നതിനാലാണ് ഏറ്റുമുട്ടല്‍ നീണ്ടുപോകുന്നതെന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സൈന്യത്തിന്റെ തുടര്‍ച്ചയായ ഷെല്ലാക്രമണത്തില്‍ കെട്ടിടത്തിന്റെ ഭിത്തികള്‍ പലയിടത്തും പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

ഇതേ കെട്ടിടത്തിലാണ് കഴിഞ്ഞ ഫെബ്രുവരിയിലും മൂന്ന് ഭീകരര്‍ ഒളിച്ചിരുന്നത്. 48 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് സൈന്യം അന്ന് മൂന്ന് പേരെയും വധിച്ചത്. മാസങ്ങള്‍ക്ക് ശേഷം വീണ്ടും അതേ കെട്ടിടത്തില്‍ ഭീകരര്‍ ഒളിച്ചത് സുരക്ഷാ വീഴ്ചയായി ചൂണ്ടിക്കാട്ടപ്പെടുന്നു. അന്നത്തെ ആക്രമണത്തില്‍ രണ്ട് ക്യാപ്റ്റന്മാര്‍ ഉള്‍പ്പെടെ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്.